സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...

രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ശുചീകരണ തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. പാർക്കിലെ പതിനാറാം നമ്പർ ഏരിയയിൽ പുല്ല് വെട്ടുകയായിരുന്ന സുഗ്ന ദേവി എന്ന ജീവനക്കാരിയാണ് കടുവയുടെ ഇരയായത്. ബുധനാഴ്ച രാവിലെ ആറോളം സ്ത്രീകളടങ്ങുന്ന സംഘം പാർക്കിനുള്ളിൽ പുല്ല് വെട്ടിക്കൊണ്ടിരിക്കെയാണ് 'ശിവജി' എന്ന കടുവ ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. കടുവയെ കണ്ട് ഭയന്നോടിയ മറ്റ് സ്ത്രീകൾ സമീപത്തെ വേലിയിലും മരങ്ങളിലും കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഓടിരക്ഷപ്പെടാൻ സാധിക്കാതിരുന്ന സുഗ്ന ദേവിയെ കടുവ പിടികൂടി മാരകമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഈ വൻ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തൊഴിലാളികൾ പുല്ലുവെട്ടാൻ കയറിയ ഭാഗത്തെ കടുവക്കൂടിന്റെ വാതിൽ മറ്റൊരു ജീവനക്കാരി അബദ്ധത്തിൽ തുറന്നതാണ് അപകടത്തിന് വഴിവെച്ചത്. സാധാരണയായി ഇത്തരം അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ വന്യമൃഗങ്ങളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാറുണ്ടെങ്കിലും ഇവിടെ അതുണ്ടായില്ല. കൂടാതെ, പ്രദേശത്ത് കൃത്യമായ മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ലാതിരുന്നതിനാൽ വനംവകുപ്പിനെയോ പൊലീസിനെയോ സമയത്ത് വിവരമറിയിക്കാൻ കഴിഞ്ഞതുമില്ല. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ മയക്കുവെടി വെച്ച ശേഷമാണ് സുഗ്ന ദേവിയുടെ മൃതദേഹം പുറത്തെടുത്തത്. വൻ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരുമായി ഉദ്യോഗസ്ഥരും പ്രാദേശിക എംഎൽഎയും ചർച്ചകൾ നടത്തി. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന സുഗ്ന ദേവിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും കരാർ അടിസ്ഥാനത്തിൽ ജോലിയും നൽകാൻ ശുപാർശ ചെയ്യുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. സംഭവത്തിൽ ആമേർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























