കക്കയം ക്യാമ്പിൽ രാജനെ ഉരുട്ടി കൊന്നത് പ്രഖ്യാപിത അടിയന്തരാവസ്ഥ; പീരുമേട്ടിൽ രാജ്കുമാറിനെ ഉരുട്ടി കൊന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോൾ നിങ്ങളൊന്നും വിശ്വസിച്ചില്ലെന്ന് അഡ്വ ജയശങ്കർ

പീരുമേട് സബ്‌ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കർ. കക്കയം ക്യാമ്പിൽ ഉരുട്ടി കൊന്ന സംഭവമുണ്ടായ പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാല്പത്തിനാലാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് കേരളത്തിൽ രാജ്കുമാറിന്റെ കസ്റ്റഡി മരണം സംഭവിച്ചിരിക്കുന്നത്. ഉരുട്ടി കൊന്ന രാജന്റെ മൃതദേഹം കിട്ടിയില്ല, രാജ്കുമാറിന്റെ ബോഡി ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞു ബന്ധുക്കൾക്ക് വിട്ടു കൊടുത്തു, അത്രേയുള്ളു രണ്ട് സംഭവങ്ങളിലേയും പ്രത്യക്ഷത്തിലുള്ള വ്യത്യാസം എന്നും ജയശങ്കർ പ്രതികരിച്ചു. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോൾ നിങ്ങളൊന്നും വിശ്വസിച്ചില്ല. കക്കയം ക്യാമ്പിൽ രാജനെ ഉരുട്ടി കൊന്നത് പ്രഖ്യാപിത അടിയന്തരാവസ്ഥ; പീരുമേട്ടിൽ രാജ്കുമാറിനെ ഉരുട്ടി കൊന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. രാജൻ്റെ മൃതദേഹം കിട്ടിയില്ല. രാജ്കുമാറിൻ്റെ ബോഡി ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞു ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അതേയുളളൂ വ്യത്യാസം.
പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാല്പത്തിനാലാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് രാജ്കുമാറിൻ്റെ കസ്റ്റഡി മരണം സംഭവിച്ചത്. അതും അടിയന്തരാവസ്ഥയിൽ മർദ്ദനം അനുഭവിച്ച നമ്മുടെ വിജയേട്ടൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചു മുഖ്യമന്ത്രിയായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ. പ്രഖ്യാപിത അടിയന്തരാവസ്ഥയിൽ പ്രതിപക്ഷത്തിന്റെ ശല്യമില്ലായിരുന്നു. പത്രങ്ങൾക്ക് സെൻസർഷിപ്പും ഉണ്ടായിരുന്നു. ഇപ്പോൾ ഈ സൗകര്യമൊന്നുമില്ല. അതുകൊണ്ട് മൂന്നു നാലു നിയമപാലകരെ സസ്പെൻഡു ചെയ്യേണ്ടിവന്നു. സാരമില്ല. വരാപ്പുഴ മാതൃകയിൽ അവരെ ഉടനെ തിരിച്ചെടുക്കുകയും പ്രമോഷൻ നൽകുകയും ചെയ്യും. ഇന്ത്യൻ ഭരണഘടന ഉടൻ ഭേദഗതി ചെയ്യണം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യാനും സംസ്ഥാന സർക്കാരിനും അധികാരം നൽകണം എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
പീരുമേട് സബ്‌ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരെന്ന് തെളിയുന്ന ആരെയും വെറുതെ വിടില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം രംഗത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. രാജ്‌കുമാറിന് കസ്‌റ്റഡിയിൽ ക്രൂരമായ മർദ്ദനമാണ് നേരിടേണ്ടി വന്നതെന്നും പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, രാജ്‌കുമാറിന്റെ മരണം സംബന്ധിച്ച കേസിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക സി.പി.എം നേതൃത്വം തങ്ങളെ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. നിലവിലെ അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നും രാജ്‌കുമാറിന്റെ ബന്ധു ആന്റണി പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച സി.പി.എം നേതൃത്വം സംഭവത്തിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























