ഋഷിരാജ് സിംഗ് പണി തുടങ്ങി... ജയിലിലെ ഭരണം പൊളിച്ചെഴുതി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്; സെന്‍ട്രല്‍ ജയിലുകളില്‍ ശരീരം മൊത്തമായി പരിശോധിക്കുന്ന സ്‌കാനര്‍ ഉടന്‍; രാത്രി പരിശോധനയ്ക്ക് നേരിട്ടിറങ്ങുമെന്ന് മുന്നറിയിപ്പ്

ഇതൊക്കെ നേരത്തേ ആകാമായിരുന്നില്ലേ എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. വെളിയില്‍ കിട്ടുന്ന എല്ലാ സൗകര്യങ്ങളും ജയിലില്‍ കിട്ടുമെന്നു വച്ചാല്‍... കാലാകാലങ്ങളായി രാഷ്ട്രീയ തടവുകാര്‍ അനുഭവിച്ച എല്ലാ സുഖങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണ് ജയില്‍ ഡിജിപിയായ ഋഷിരാജ് സിംഗ്.
തടവുകാര്‍ ഒളിപ്പിച്ചുകടത്തുന്ന വസ്തുക്കള്‍ പിടികൂടാന്‍ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ഹൈടെക് ജയിലിലും ഉടന്‍ 'ഹോള്‍ബോഡി സ്‌കാനര്‍' ഏര്‍പ്പെടുത്തുമെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ജൂലായ് പതിനഞ്ചോടെ ഉദ്ഘാടനം ചെയ്യുന്ന പാലക്കാട് ജില്ലാ ജയിലിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ ജയിലുകളില്‍ കഴിഞ്ഞദിവസം ഡി.ജി.പി. നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ഹോള്‍ബോഡി സ്‌കാനറുകള്‍ ജയിലില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ജയില്‍ ഡി.ജി.പി.യുമായി ചര്‍ച്ചനടത്തിയിരുന്നു. അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകാതെ നേരിട്ടുപോയി പരിശോധിച്ചശേഷമാവും സംസ്ഥാനത്ത് സ്ഥാപിക്കുകയെന്നും ഋഷിരാജ് സിങ് പറഞ്ഞു. ഇതോടൊപ്പം മൊബൈല്‍ ജാമറുകളുമുണ്ടാവും.
ജയിലുകളില്‍ രാത്രി നടത്തുന്ന പരിശോധനകളില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്നും ഡി.ജി.പി. പറഞ്ഞു. ജയിലുകളില്‍ 437 സി.സി.ടി.വി. ക്യാമറകളും 22 വീഡിയോ കോണ്‍ഫറന്‍സ് കേന്ദ്രങ്ങളും ഒരുക്കും. ജയിലിലെ വയര്‍ലെസ് സംവിധാനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തി രണ്ടു മാസത്തിനകം ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെ പുതിയ വയര്‍ലെസ് സംവിധാനം കൊണ്ടുവരും.
അതേസമയം തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ജയിലില്‍നിന്ന് രണ്ടു വനിതാ തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ പുറത്തു നിന്നുള്ളവരുടെ പങ്കിനുപുറമേ ഉദ്യോഗസ്ഥരുടെ സഹായം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ടെന്ന് ജയില്‍ ഡി.ജി.പി. മുമ്പുതന്നെ ജയില്‍ചാടാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായി സഹതടവുകാരില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കുന്നതില്‍ ജയില്‍ജീവനക്കാര്‍ക്കുണ്ടായ വീഴ്ച പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മലമ്പുഴ മന്തക്കാട് നിര്‍മാണം പൂര്‍ത്തിയായ പാലക്കാട് ജില്ലാ ജയിലില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തടവുകാര്‍ക്കായി പ്രത്യേകം മുറിയൊരുക്കിയതായും ഋഷിരാജ് സിങ് പറഞ്ഞു.
പാലക്കാട് ജില്ലാ ജയിലിലെ നിര്‍മാണജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞും ഉദ്ഘാടനം വൈകുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല. ജൂലായ് 10നും 15നും ഇടയില്‍ ഉദ്ഘാടനം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുെട സമയംകൂടി പരിഗണിച്ചാവും തീയതി തീരുമാനിക്കുക. പാലക്കാട് ജയിലില്‍ 320 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളത്. നിലവില്‍ കോട്ടയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന ജയിലിലെ അന്തേവാസികള്‍ക്കുപുറമേ ചിറ്റൂര്‍, ഒറ്റപ്പാലം, ആലത്തൂര്‍ സബ് ജയിലുകളിലെ 80 ശതമാനം പേരെയും ഇവിടെ പ്രവേശിപ്പിക്കാന്‍ സൗകര്യമുണ്ട്. 84 വനിതാ തടവുകാരെയും ഇവിടെ പാര്‍പ്പിക്കാനാവും അദ്ദേഹം പറഞ്ഞു.
ജയില്‍വിഭാഗം മധ്യമേഖലാ ഡി.ഐ.ജി. സാം തങ്കയ്യന്‍, ജയില്‍ സൂപ്രണ്ട് എസ്. ശിവദാസ് എന്നിവരും ഡി.ജി.പി.ക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























