എന്തിനീ വിഭജനം... ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും പ്ലസ് ടു പാസായ 80 ശതമാനം കുട്ടികള്‍ക്കും ബിരുദത്തിന് പ്രവേശനം ലഭിച്ചില്ല; ബിരുദത്തിന് 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രിയെപ്പറ്റി യാതൊരു വിവരവുമില്ല

ഉന്നത വിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും രണ്ടാക്കിയതോടെ രണ്ടും ഏതാണ്ട് ആഭ്യന്തര വകുപ്പിന്റെ അവസ്ഥയിലായി! ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും പ്ലസ് ടു പാസായ 80 ശതമാനം കുട്ടികള്‍ക്കും ബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടില്ല.
ബിരുദത്തിന് 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ റ്റി ജലീലിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ പറയുന്നത്. മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവാദത്തിലായ ശേഷം മന്ത്രി ബിരുദ പ്രവേശനത്തിന്റെ കാര്യം പോലും ശ്രദ്ധിക്കുന്നില്ലത്രേ.
ഇതിനകം ബിരുദ പ്രവേശനത്തിന് വിവിധ സര്‍വകലാശാലകള്‍ മൂന്ന് അലോട്ട്‌മെന്റുകള്‍ നടത്തി. മൂന്നാമത്തെ അലോട്ട്‌മെന്റിലും ഒന്നാമത്തെയും രണ്ടാമത്തെ അലോട്ട്‌മെന്റുകാര്‍ തന്നെയാണ് ഇടം പിടിച്ചത്. ഒന്നാമത്തെയും രണ്ടാമത്തെയും അലോട്ട്‌മെന്റില്‍ എത്ര കുട്ടികള്‍ക്ക് ബിരുദ പ്രവേശനം ലഭിച്ചു എന്ന വിവരം സര്‍വകലാശാല അറിയാത്തതു കൊണ്ടാണ് മൂന്നാമത്തെ അലോട്ട്‌മെന്റും പാളിയത്. ഒരു ദിവസം മുമ്പ് മാത്രമാണ് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സൈറ്റില്‍ നല്‍കണം എന്ന നിര്‍ദ്ദേശം സര്‍വകലാശാല നല്‍കിയത്.
എഞ്ചിനീയറിംഗ്, നിയമം, മെഡിസിന്‍ തുടങ്ങി പല കോഴ്‌സുകള്‍ക്കും ബിരുദത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അവരില്‍ പലര്‍ക്കും പ്രവേശനവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുകള്‍ ലിസ്റ്റില്‍ നിന്നും നീക്കിയിട്ടില്ല. അങ്ങനെ വരുമ്പോള്‍ പുതിയ പേരുകാര്‍ക്ക് പ്രവേശനം ലഭിക്കുക അസാധ്യമായി തീരും. ഇനി ഒരു ലിസ്‌റ്റോടുകൂടി ബിരുദ പ്രവേശനം പൂര്‍ത്തിയാവും. ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ പ്ലസ് ടു പാസായവരില്‍ 50 ശതമാനത്തിനും ബിരുദത്തിന് പ്രവേശനം ലഭിക്കില്ല.
അതിനിടയില്‍ ഇത്തരം സാഹചര്യങ്ങള്‍ മുതലെടുക്കുന്ന സ്വകാര്യ കോളേജുകള്‍ താരതമ്യേന തിരക്കില്ലാത്ത ബിരുദ വിഷയങ്ങള്‍ക്ക് പോലും ലക്ഷങ്ങളാണ് ഈടാക്കുന്നത്. ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മന്ത്രി ഇതൊന്നും അറിഞ്ഞ മട്ടുമില്ല.
മന്ത്രി കെ.റ്റി. ജലീലിന്റെ ശ്രദ്ധക്കുറവ് ഉന്നത വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്. വാളെടുത്തവരെല്ലാം വെളിച്ചപാടുമാര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സര്‍വകലാശാലകളുടെ മേധാവിമാര്‍ കുട്ടികളുടെ ഭാവിയെ കുറിച്ച് തീര്‍ത്തും നിസംഗരാണ്. പ്രവേശനം കിട്ടിയാലും ഇല്ലെങ്കിലും തങ്ങള്‍ക്കൊന്നുമില്ലെന്ന് സര്‍വകലാശാല കരുതുന്നു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഫല പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ നമ്മള്‍ നേരത്തെ ഇക്കാര്യം മനസിലാക്കിയിട്ടുണ്ട്.
പൊതുവേ മികച്ച കരിയര്‍ റെക്കോര്‍ഡുള്ള മന്ത്രിയാണ് ജലീല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ ആന്തൂര്‍ പോലുള്ള വിവാദങ്ങള്‍ക്ക് ഇടവരുത്താതെയാണ് അദ്ദേഹം വകുപ്പ് ഭരിച്ചത്. പ്രസന്നമായി ഇടപെടുക വഴി അദ്ദേഹം ആരുടെയും അപ്രീതിക്കും പാത്രമാകുന്നില്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസം പോലൊരു വകുപ്പ് കൈയില്‍ കിട്ടിയതോടെ ജലീലിന് പരിഭ്രാന്തിയായെന്ന് വേണം മനസിലാക്കാന്‍. മലയാളം സര്‍വകലാശാലയിലെ ഭൂമി ഇടപാട് വിവാദം തണുപ്പിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം സ്വരം കടുപ്പിക്കുമ്പോള്‍ ജലീല്‍ നിസഹായനാവുന്നു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ മേഖലയും കുത്തഴിഞ്ഞ അവസ്ഥയിലായി. വിദ്യാഭ്യാസം രണ്ടാക്കിയതോടെ മന്ത്രി രവീന്ദ്രനാഥ് തണുപ്പന്‍ മട്ടിലാണ് നീങ്ങുന്നത്.
https://www.facebook.com/Malayalivartha
























