ജയിലിലെ തയ്യല്‍ ക്ലാസ് അവസരമാക്കി... നൊന്തു പെറ്റ കുരുന്നുകളുടെ മുഖം ഓർത്തപ്പോൾ രക്ഷപ്പെടാനുള്ള വഴി എളുപ്പത്തിലാക്കി; വനിതാ ജയില്‍ ചാടികടന്ന ശിൽപമോളെയും സന്ധ്യയെയും കയ്യോടെ പൊക്കിയ പോലീസുകാര്‍ക്ക് പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും

കഴിഞ്ഞ ദിവസമാണ് ജയില്‍ ചാടിയ ശില്‍പ്പ മോള്‍, സന്ധ്യ എന്നിവരെ പോലീസ് പിടികൂടുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവര്‍ ജയില്‍ ചാടിയത്. ശില്‍പ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പോലീസും റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഷാഡോ പോലീസും ചേര്‍ന്ന് ഇരുവരേയും പിടികൂടുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പാങ്ങോട് സ്വദേശിയായ ശില്‍പ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്ബത്തികമായി താഴെത്തട്ടില്‍ നിന്നുള്ളവരാണ്. രണ്ടുപേരും ചെറിയ കുട്ടികളുടെ അമ്മമാരും ആണ്.
അതേസമയം തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ പ്രശംസാ പത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തടവു ചാടിയവരെ പിടികൂടുന്നതിനു കാണിച്ച അര്‍പ്പണബോധം പരിഗണിച്ചാണിത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി അശോകന്‍, പാലോട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി കെ മനോജ്, പാലോട് എസ്‌ഐ എസ് സതീഷ് കുമാര്‍, പാങ്ങോട് എസ്‌ഐ ജെ അജയന്‍, ഗ്രേഡ് എസ്‌ഐ എം ഹുസൈന്‍, പാങ്ങോട് ഗ്രേഡ് എഎസ്‌ഐ കെ പ്രദീപ്, വലിയമല പോലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീപ് കുമാര്‍, പാങ്ങോട് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിസ്സാറുദീന്‍ ആര്‍ എസ് എന്നിവര്‍ക്കാണ് പ്രശംസാപത്രം ലഭിക്കുക. അതിനും താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ആസൂത്രിതമായാണ് ഇരുവരും ജയില്‍ ചാടിയതെന്നാണ് യുവതികള്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തയ്യല്‍ ക്ലാസിന് ഇരുവരും പോകുമായിരുന്നു. ഇവിടെ നിന്ന് പരിസരം നിരീക്ഷിച്ച് മനസിലാക്കിയിരുന്നു. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയില്‍ സാരി ചുറ്റി ഇതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. തടവ് കാലാവധി നീളും എന്ന ഭയം മൂലമാണ് ജയില്‍ ചാടിയതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ആറ് വര്‍ഷംവരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞതായി പ്രതികള്‍ പറയുന്നു. വിചാരിച്ച സമയത്ത് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചെന്നും മൊഴിയില്‍ പറയുന്നു.
സംഭവവുമായി ബന്ധമുണ്ടോ, പുറത്ത് നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തുന്ന ജയില്‍ ഡിഐജിയും ഇവരെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. മോഷണത്തിനും വഞ്ചനക്കേസുകളിലും പ്രതികളായി വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ ജൂണ്‍ ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ പതിനേഴിനും ജയിലിലെത്തിയത്. ജയില്‍ വകുപ്പിന് നാണക്കേടായി യുവതികള്‍ രക്ഷപ്പെട്ടതിന് പിന്നില്‍ സ്ത്രീ തടവുകാര്‍ക്ക് ലഭിക്കുന്ന അമിത സ്വാതന്ത്ര്യമാണെന്ന് ആക്ഷേപമുണ്ട്. കൊടും കുറ്റവാളികളടക്കമുള്ള തടവുകാരെ പാര്‍പ്പിക്കുന്ന ജയിലില്‍ നിന്നും യുവതികള്‍ രക്ഷപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണ്.
https://www.facebook.com/Malayalivartha
























