ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് കണ്ഠിക്കുകയും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറയുകയും ചെയ്ത സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും

ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് കണ്ഠിക്കുകയും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറയുകയും ചെയ്ത സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. പാര്‍ട്ടിക്ക് അതീതനായി ജയരാജന്‍ വളരുന്നെന്ന ആക്ഷേപം കണ്ണൂരില്‍ നിന്നുള്ള, പിണറായി അടക്കമുള്ള നേതാക്കള്‍ക്കുണ്ട്. പി. ജയരാജന്‍ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ ജില്ലയില്‍ പലയിടത്തും അദ്ദേഹത്തിന്റെ ഫഌക്‌സുകള്‍ ഉയര്‍ന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ ജയരാജന് കൂടുതല്‍ കയ്യടി കിട്ടിയതുമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. അതിന് പിന്നാലെ ജയരാജനെ പ്രകീര്‍ത്തിച്ച് , ചെഞ്ചൊര പൊന്‍കരതിരല്ലോ പി. ജയരാജന്‍... എന്ന വീഡിയോ ആല്‍ബം ഒരു സംഘം പുറത്തിറക്കാന്‍ ശ്രമിച്ചത് പാര്‍ട്ടി തടഞ്ഞു. നായനാര്‍ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിനായി സ്ഥാപിച്ച ഫഌക്‌സില്‍ ജയരാജന്റെ വലിയ ചിത്രം ഉള്‍പ്പെടുത്തിയത് , അദ്ദേഹത്തിന്റെ എടുത്ത് മാറ്റുകയും ചെയ്തു. വ്യക്തിപൂജ പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നും ആരോപിച്ച് കണ്ണൂരില്‍ നിന്നുള്ള നേതാവ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉന്നയിക്കുകയും പി. ജയരാജനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് തെറ്റ് പറ്റിയെന്നും ആരും പാര്‍ട്ടിക്ക് അതീതനല്ലെന്നും ജയരാജന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതിന് പിന്നാലെയാണ് വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയരാജനെ മത്സരിപ്പിച്ച്, ജില്ലാ സെക്രട്ടറി കസേര തെറുപ്പിച്ചത്. സി.ഒ.ടി നസീര്‍ വധശ്രമം ജയരാജനെ ലക്ഷ്യം വെച്ചുള്ളതായിരുന്നെങ്കിലും അദ്ദേഹത്തിന് പങ്കില്ലെന്ന് നസീര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. പി.ജയരാജനുമായി അടുത്തബന്ധം ഉണ്ടായിരുന്ന പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണും ജില്ലാ കമ്മിറ്റി അംഗവുമായ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന്, വിഷയം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുംമുമ്പ് പി.ജയരാജന്‍ പൊതുയോഗത്തില്‍ പറഞ്ഞതാണ് നേതൃത്വത്തെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. ശ്യാമളയുടെ ഭാഗത്ത് തെറ്റില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരില്‍ ജയരാജന്റെ ജനപിന്തുണ കൂടുന്നത് പലര്‍ക്കും സഹിക്കാനാവുന്നില്ല. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രീതിയില്‍ ജയരാജന്‍ വളരുമോ എന്ന് പലര്‍ക്കും ഭയമാണ്.
കോണ്‍ഗ്രസുകാര്‍ പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ചിട്ട് രണ്ട് പതിറ്റാണ്ട് തികയുമ്പോഴാണ്, മറ്റൊരു നേതാവിന് പറ്റിയ തെറ്റ് പരസ്യമായി പറഞ്ഞതിന് പാര്‍ട്ടി അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. അന്നത്തെ ആക്രമണത്തില്‍ ജയരാജന്റെ വലംകയ്യ് ഇല്ലാതായ പോലെയായി.
പി.ജയരാജനെ എങ്ങനെയും നിലയ്ക്ക് നിര്‍ത്തണമെന്ന വാശി സംസ്ഥാന നേതൃത്വത്തിനുണ്ട്. അതിനിടയിലാണ് ശ്യാമളയ്ക്ക് തെറ്റ്പറ്റിയെന്ന് മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പി.ജയരാജന്‍ ആവര്‍ത്തിച്ചത്. ഇത് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. വ്യക്തിയല്ല, പാര്‍ട്ടിയാണു വലുതെന്ന കല്‍ക്കട്ട പ്ലീനം നിലപാട് ജയരാജന്‍ ലംഘിച്ചെന്ന് ബ്രാഞ്ചുകളില്‍ സര്‍ക്കുലര്‍ വായിച്ചാണ് കഴിഞ്ഞ അച്ചടക്ക് നടപടിക്ക് ശേഷം അദ്ദേഹത്തെ താഴ്ത്തിക്കെട്ടാന്‍ നോക്കിയത്. എന്നാല്‍ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ കണ്ണൂരിലെ അണികളുടെയും പ്രാദേശിക നേതാക്കളുടെയും പിന്തുണയോടെ ജയരാജന്‍ തിരിച്ചടിച്ചു. ഇപ്പോഴും അണികളെല്ലാം ജയരാജനൊപ്പമാണ്. അത് നേതൃത്വത്തെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ജയരാജന്‍ പറഞ്ഞിട്ട് പോലും അദ്ദേഹത്തിനൊപ്പമുള്ള അണികള്‍ പാര്‍ട്ടിക്കെതിരെയുള്ള പ്രകോപനം അവസാനിപ്പിക്കുന്നില്ല. പി.ജെ ആര്‍മി എന്ന ഫെയിസ്ബുക്ക് പേജ് പരിശോധിച്ചാല്‍ അത് വ്യക്തമാകും.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ജയരാജനെ ഒതുക്കി മൂലയ്ക്ക് ഇരുത്താമെന്നാണ് സംസ്ഥാന നേതൃത്വം കരുതിയത്. എന്നാല്‍ അതിനിടെയാണ് സി.ഒ.ടി നസീര്‍ വധശ്രമവും ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയും പി. ജയരാജന് ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലാനും അവര്‍ക്കൊപ്പം നില്‍ക്കാനും നേതൃത്വത്തിനെതിരെ വാളോങ്ങാനും ഉള്ള അവസരമായി. ആ വളിന്റെ മുനയൊടിച്ചില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിനറിയാം.
https://www.facebook.com/Malayalivartha
























