ഇനി മിന്നലും ഇടിയും പ്രവചിക്കാം; പുതിയ സംവിധാനവുമായി ഭൗമ ശാസ്ത്ര മന്ത്രാലയം

എവിടെയെങ്കിലും പോകാൻ ഒരുങ്ങി നിൽക്കുമ്പോഴയിരിക്കും അപ്രതീക്ഷിതമായി ഇടിയും മിന്നലും മഴയും കൂടി പാഞ്ഞെത്തി യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നത്. എന്നാൽ മിന്നലും ഇടിയും നേരത്തെ അറിയാനുള്ള സംവിധാനം ഒരുക്കുകയാണ് ഭൗമ ശാസ്ത്ര മന്ത്രാലയം.
തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ പെയ്യുവാൻ സാധ്യതയുള്ള ശക്തമായ മഴ, കൊടുങ്കാറ്റ്, മിന്നൽ എന്നിവയെ കുറിച്ച് തത്സമയം വെബ്സൈറ്റ്, വാട്ട്സ്ആപ്പ്, എസ്എംഎസ് എന്നിവയിലൂടെ അറിയിക്കും. ഏപ്രിൽ മാസം പരീഷണാത്മകമായി ആരംഭിച്ച വെബ്സൈറ്റ് വഴി മൺസൂണിനെ കുറിച്ച് നടത്തിയ ഉപഗ്രഹാധിഷ്ഠിത പ്രവചനം ശരിയായിരുന്നു. അതിനാലാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നത്. റഡാ ർ, ഉപഗ്രഹം, മിന്നൽ സെൻസർ എന്നിവയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ യോജിപ്പിച്ചാണ് പ്രവചനം സാധ്യമാക്കുന്നത്.
ഇന്ത്യൻ കാലാവസ്ഥ വകുപ്പ്, പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയറോളജി, നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. രാജ്യത്തെ 450 സ്ഥലങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും ശബരിമല, മൂന്നാർ, കുമരകം, എറണാകുളം, ആലപ്പുഴ, കോവളം, വർക്കല, പൊന്മുടി, കൊച്ചി, പെരിയാർ, പത്തനംതിട്ട, പൈനാവ്, തൃശ്ശൂർ, കാക്കനാട്, കോട്ടയം, കുമളി, കൊല്ലം, പുനലൂർ, ആര്യങ്കാവ്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























