മണര്‍കാട് സ്റ്റേഷനില്‍ പൊലീസുകാരനെ ആക്രമിച്ച ശേഷം കൈയിൽ വിലങ്ങുമായി കടന്ന മോഷണക്കേസ് പ്രതി ആദ്യം ഓടിയെത്തിയത് കാമുകിയുടെ വീട്ടില്‍; വയറുനിറയെ ഭക്ഷണം കഴിച്ച് അടിച്ചുപൊളിക്കുന്നതിനിടെ അവധിയിലുള്ള പോലീസുകാരും, സ്ഥലം മാറിയ പൊലീസുകാരുമടക്കം ഇരുപതോളം പോലീസുകാരുടെ തിരച്ചിലിൽ ദിലീപ് കുടുങ്ങിയപ്പോൾ

മണര്‍കാട് സ്റ്റേഷനില്‍ പൊലീസുകാരനെ ആക്രമിച്ച ശേഷം വിലങ്ങുമായി രക്ഷപ്പെട്ട പ്രതി പുതുപ്പള്ളി മഠത്തില്‍പ്പടി മാളിയേക്കല്‍ ദിലീപ് ആദ്യം ഓടിയെത്തിയത് കാമുകിയുടെ വീട്ടിലേക്ക്. മണര്‍കാട് പെരുമാനൂര്‍കുളം ആമലക്കുന്നിലെ കാമുകിയുടെ വീട്ടിലേക്കാണ് പ്രതി എത്തിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചു. തുടര്‍ന്ന് പ്രതി വീട്ടിലുണ്ടെന്ന് മനസിലാക്കിയ നാട്ടുകാര്‍ വീട് വളഞ്ഞതിനെ തുടര്‍ന്ന് ദിലീപ് രക്ഷപ്പെടുകയായിരുന്നു.
ബുധനാഴ്‌ച തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുവരുന്നതിനിടെ പൊലീസുകാരനെ ഇടിച്ചു വീഴ്‌ത്തിയ ശേഷം പ്രതി വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. രാത്രി മുഴുവന്‍ മണര്‍കാട് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. നേരത്തെ എല്ലു പൊട്ടിയതിനെ തുടര്‍ന്ന് വണ്ണം കുറഞ്ഞ ഇടതു കൈയിലൂടെ വിലങ്ങ് ഊരിയെടുത്തു. തുടര്‍ന്ന് ബലം പ്രയോഗിച്ച് മറ്റെ കൈയിലെയും വിലങ്ങ് ഊരി പോക്കറ്റില്‍ ഇട്ടു. ശനിയാഴ്‌ച രാത്രി വൈകി പെരുമാനൂര്‍ കുളത്തിനു സമീപം കാമുകിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. പ്രതി ഇവിടെ എത്തിയതറിഞ്ഞ് നാട്ടുകാര്‍ വീട് വളഞ്ഞെങ്കിലും പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടു.
ഇതോടെ പ്രതിയുടെ ചിത്രം സഹിതം പ്രദേശത്തെ വീടുകളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നു മണിയോടെ വീണ്ടും കാമുകിയുടെ വീട്ടിലെത്തി. വിവരം അറിഞ്ഞ് അയല്‍വാസിയായ വീട്ടമ്മ പൊലീസിനെ അറിയിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ആമലക്കുന്നില്‍ നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത്.
അതേ സമയം പൊലീസ് സ്റ്റേഷനില്‍ നിന്ന് വിലങ്ങുമായി ചാടിയ ദിലീപ് ബൈക്കില്‍ ലിഫ്റ്റ് അടിച്ചായിരുന്നു രക്ഷപ്പെട്ടത്. ദിലീപ് മണര്‍കാട് ഭാഗത്തു നിന്ന് ബൈക്കില്‍ കയറി പെരുമാനൂര്‍ കുളത്തിന് സമീപം എത്തി. ഇവിടെ ആളൊഴിഞ്ഞ വീട്ടില്‍ പകല്‍ കഴിച്ചു കൂട്ടി. വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞത്. രാത്രിയില്‍ കാമുകിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. 20 പൊലീസ് സംഘങ്ങൾ നടത്തിയ തിരച്ചിലാണ് ദിലീപിനെ കുരുക്കിയത്. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം മാറിയ പൊലീസുകാരും വരെ തിരച്ചിലിനെത്തി. നാട്ടുകാരും സഹായവുമായി മുന്നോട്ടുവന്നു. ദിലീപിനെ കണ്ടുവെന്നു പറഞ്ഞ് 62 പേരാണ് 42 മണിക്കൂറിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചത്. 19 വയസ്സിനിടെ ദിലീപിനെതിരെ ജില്ലയിലെ 3 സ്റ്റേഷനുകളിലായുള്ളത് 4 മോഷണക്കേസും ഒരു പോക്സോ കേസുമാണ്.
അതേ സമയം ദിലീപിന്റെ ഒരു കൈയിൽ മാത്രമേ വിലങ്ങു വച്ചിരുന്നുള്ളുവെന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. സുരക്ഷയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. രണ്ടാമത് പിടിച്ചപ്പോഴും ഒരു കൈയിൽ മാത്രമാണ് വിലങ്ങുണ്ടായിരുന്നത്. അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കു കൈമാറി.
https://www.facebook.com/Malayalivartha

























