നെടുങ്കണ്ടം കസ്റ്റഡി മരണ കേസ്; മൂന്നു പ്രമുഖ ഉന്നത ഉദ്യോഗസ്ഥർ കൂടി സസ്പെൻഷനിലേക്ക്; കേസ് സിബിഐയ്ക്ക് കൈമാറി സർക്കാർ ; ഇനിയും ചുരുളഴിയാൻ ദുരൂഹതകള്‍ ഏറെ !

നെടുങ്കണ്ടം രാജ്‌കുമാര്‍ കസ്‌റ്റഡിമരണക്കേസ് സി.ബി.ഐക്കു കൈമാറാനുള്ള മന്ത്രി സഭ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെ മൂന്നു പ്രമുഖ പോലീസ് ഉദ്യോഗസ്ഥർ കൂടി സസ്പെൻഷനിലേക്ക് നടപടിക്രമങ്ങളിലെ വീഴ്‌ചയുടെ പേരില്‍ ഇടുക്കി ജില്ലാ പോലീസ് മുന്‍മേധാവി കെ.ബി. വേണുഗോപാല്‍, ഡിവൈ.എസ്.പിമാരായ അബ്‌ദുള്‍ സലാം, ഷംസ് എന്നിവര്‍ക്കെതിരേയാകും നടപടി. ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാണു സര്‍ക്കാരിന ലഭിച്ചിരിക്കുന്ന നിയമോപദേശം .
കേസിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം പ്രതികളായ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്ത 349/19 എന്ന കേസാകും സിബിഐ അന്വേഷിക്കുക. രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ കുടുംബവും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംശയം ദുരീകരിക്കാൻ കേസ് സിബിഐ അന്വേഷിക്കട്ടെ എന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു
സി.ബി.ഐയുടെ രംഗപ്രവേശത്തോടെ കേസില്‍ വ്യക്‌തത പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഇവയാണ്. രാജ്‌കുമാറിന്റെ കൈവശം കോടിക്കണക്കിനു രൂപയുണ്ടായിരുന്നോ?, ഉണ്ടായിരുന്നെങ്കില്‍ അതു കൈമാറിയത് ആരൊക്കെ? ആ പണം കണ്ടെടുക്കാനാണോ രാജ്‌കുമാറിനെ നെടുങ്കണ്ടം എസ്.ഐ. കസ്‌റ്റഡിയിലെടുത്തത്?, ആണെങ്കില്‍ ആരുടെ നിര്‍ദേശപ്രകാരം?, രാഷ്‌ട്രീയനേതാക്കളുടെ പണം രാജ്‌കുമാറിന്റെ പക്കലുണ്ടായിരുന്നോ?, ക്രൈംബ്രാഞ്ചിന് എസ്.ഐ. നല്‍കിയ മൊഴി കൃത്യമാണോ?, കസ്‌റ്റഡിക്കു വ്യാജതെളിവ് ചമയ്‌ക്കാന്‍ നെടുങ്കണ്ടം പോലീസ് ശ്രമിച്ചിരുന്നോ?. എന്നൊക്കെയാണ് .
ഇതുവരെയുള്ള അന്വേഷണത്തിൽ രാജ്‌കുമാര്‍ അഞ്ചുദിവസം നിയമവിരുദ്ധമായി കസ്‌റ്റഡിയിലുണ്ടായിരുന്നെന്നാണ്‌വ്യക്‌തമായത്. രാജ്‌കുമാര്‍ വിജനമായ സ്‌ഥലത്തു മര്‍ദനത്തിനിരയായതായും സൂചനയുണ്ട്.
പൊതുജനം കൈകാര്യം ചെയ്‌തശേഷമാണു രാജ്‌കുമാറിനെ കസ്‌റ്റഡിയില്‍ കിട്ടിയതെന്നായിരുന്നു നെടുങ്കണ്ടം എസ്.ഐയുടെ മൊഴി. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കുകയും നിശ്‌ചിതസമയത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്യേണ്ടിയിരുന്നു. പകരം, അഞ്ചുദിവസം കസ്‌റ്റഡിയില്‍ സൂക്ഷിച്ചതു നിയമവിരുദ്ധവും കൃത്യവിലോപവുമാണ്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജി എം. കുന്നിപ്പറമ്പന്‍ അവധിയിലായിരുന്നിട്ടും ഇടുക്കി ജില്ലാ പോലീസ് മേധാവി അദ്ദേഹത്തിനു നോട്ടീസ് അയച്ചതു ശരിയായിരുന്നില്ല.
അവധിയിലായിരുന്നതിനാല്‍ രാജ്‌കുമാറിനെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്ന സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി: കെ.എ. അബ്‌ദുള്‍ സലാമിന്റെ നിലപാടും ദുരൂഹമാണ്. രാജ്‌കുമാറിനെ കസ്‌റ്റഡിയിലെടുത്തതു ഫോണിലൂടെ അറിഞ്ഞിരുന്നെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍, അതേക്കുറിച്ച് അന്വേഷിച്ചില്ല. ജില്ലയിലെ എല്ലാ അറസ്‌റ്റും തനിക്കു പരിശോധിക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് നിരുത്തരവാദപരമാണ്. വനരാജ് എന്ന സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ. ഇക്കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയിച്ചെങ്കിലും നടപടിയെടുക്കാന്‍ ഡിവൈ.എസ്.പിക്കു കഴിഞ്ഞില്ല.
സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അവധി നല്‍കിയതും സൂപ്പര്‍വൈസര്‍ ഓഫീസറായ ഡിവൈ.എസ്.പിക്കു ജില്ല വിട്ടുപോകാന്‍ അനുമതി നല്‍കിയതും എസ്.പി: കെ.ബി. വേണുഗോപാലിന്റെ നിരുത്തരവാദസമീപനത്തിനു തെളിവാണ്. തന്റെ കീഴിലുള്ള മുതിര്‍ന്ന ഓഫീസര്‍മാരുടെ അനധികൃത അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നതു ജില്ലാ പോലീസ് മേധാവിയുടെ വീഴ്‌ചയാണെന്ന് എറണാകുളം ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടും വ്യക്‌തമാക്കുന്നു.
https://www.facebook.com/Malayalivartha
























