ചിങ്ങം ഒന്ന്... കര്‍ഷകര്‍ക്ക് ആഘോഷമാകേണ്ട ദിനം കണ്ണീര്‍ക്കാലമായി... കഴിഞ്ഞപ്രളയവും വരള്‍ച്ചയും വീണ്ടുമെത്തിയ പ്രളയവും കര്‍ഷകരെ ദുരിതത്തിലാക്കി... ഓണവിപണി സ്വപ്‌നംകണ്ടവരുടെ പ്രതീക്ഷകള്‍ മങ്ങി

കര്‍ഷകര്‍ക്ക് ആഘോഷമാകേണ്ട ദിനമാണ് ചിങ്ങം ഒന്ന്. ഇത്തവണ പക്ഷേ, കണ്ണീര്‍ക്കാലമാണ്. കഴിഞ്ഞപ്രളയവും വരള്‍ച്ചയും വീണ്ടുമെത്തിയ പ്രളയവും കാര്‍ഷിക കേരളത്തിന്റെ നടുവൊടിച്ചു. ആദ്യ പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടതിന്റെ വേദന മാറുംമുമ്പ് വരള്‍ച്ച. വിളകള്‍ ഉണങ്ങിനശിച്ചും പുതിയവ ഇറക്കാന്‍പറ്റാതെയും മറ്റൊരു ദുരിതം.
കാലവര്‍ഷം വൈകിയെങ്കിലും മഴ കിട്ടിയപ്പോള്‍ പ്രതീക്ഷയായിരുന്നു. ഒരു വിളയെങ്കിലും ചെയ്യാനുള്ള ഒരുക്കംതുടങ്ങി നെല്‍ക്കര്‍ഷകര്‍. ഓണവിപണി സ്വപ്നംകണ്ട് വാഴ, പച്ചക്കറിക്കര്‍ഷകര്‍. കഴിഞ്ഞ പ്രളയത്തിലെ നഷ്ടം നികത്താമെന്നു കരുതിയ നാണ്യവിള കര്‍ഷകര്‍... വീണ്ടുമെത്തിയ പേമാരി എല്ലാം തകര്‍ത്തെറിഞ്ഞു. സകല വിളകള്‍ക്കും കനത്തനാശം വിതച്ച പേമാരി കാര്‍ഷിക കേരളത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കൊഴിച്ചു.
മുമ്പ് ചിങ്ങമാസം പിറക്കുമ്പോള്‍ സന്തോഷത്തിന്റെ ദിനങ്ങളാണ്. ഓണക്കാല ഓര്‍മ്മകളും കര്‍ഷകര്‍ക്ക് ഓണവിപണിയും.കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കിടകത്തിന്റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്.
തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്ബുരാനെ വരവേല്ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം.
ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. എന്നാല്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയം വന്നതോടെ എല്ലാവര്‍ക്കും കണ്ണീര്‍ക്കാലമായി.
"
https://www.facebook.com/Malayalivartha