കാര്‍ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ വഴിയിലുപേക്ഷിച്ച് മുങ്ങി

കാട്ടാക്കടയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകള്‍ക്കകം വഴിയിലുപേക്ഷിച്ച് നാലംഗ സംഘം മുങ്ങി. ചായ്ക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജുവിനെ (36) ഇന്ന് വൈകിട്ട് നാലോടെ കള്ളിക്കാട് പെട്രോള്‍ പമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയെന്ന് ബിജുവിന്റെ ഭാര്യയാണ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ബിജുവിനെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ഇയാളെ രാത്രിയോടെ കാട്ടാക്കടയിലെത്തിച്ചു.
കൊല്ലം സ്വദേശികളായ നാലുപേരാണ് സംഭവത്തിന് പിന്നില്ലെന്നും തന്നെ മര്‍ദ്ദിച്ചെന്നും ബിജു പൊലീസിന് മൊഴിനല്‍കി. കള്ളിക്കാട് പമ്പില്‍ കെ.എല്‍ 29 ക്യു 9928ാം നമ്പര്‍ ഹോണ്ട സിറ്റി വൈറ്റ് കാറില്‍ പെട്രോളടിക്കാനെത്തിയപ്പോഴാണ് സംഭവം. ഈ സമയം നാലുപേര്‍ സ്ഥലത്തെത്തുകയും ബിജുവിന്റെ കാറില്‍ കയറി പോകുന്നതുമാണ് സി.സി ടിവി ദൃശ്യങ്ങളിലുള്ളത്.
അതേസമയം സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശികളില്‍ നിന്ന് ബിജു രണ്ടര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തുക ഇന്ന് തിരികെ നല്‍കാമെന്നായിരുന്നു ധാരണ. നാലംഗ സംഘമെത്തിയപ്പോള്‍ ബിജുവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തട്ടിക്കൊണ്ട് പോയെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിമാക്കി.
https://www.facebook.com/Malayalivartha






















