രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖയല്ലെന്നാണ് നോട്ടീസിലെ വാദം. പോളിംഗ് ഓഫീസര്‍ നല്‍കിയ രേഖകള്‍ പ്രകാരം ശകുന്‍ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
എന്നാല്‍ അന്വേഷണത്തില്‍ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും രണ്ടുതവണ വോട്ടുചെയ്തതിന് തെളിവെന്താണെന്നും കമ്മീഷന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധി കാണിച്ച ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിംഗ് ഓഫീസര്‍ നല്‍കിയ രേഖയല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന് നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധിയുടെ ആരോപണം വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയുള്ള കമ്മീഷന്റെ നീക്കം.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വന്‍ അട്ടിമറി നടന്നുവെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. കര്‍ണാടകയിലെ ഒരു ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷം കള്ളവോട്ടു ചേര്‍ത്തു എന്ന് ചൂണ്ടിക്കാട്ടിയുള്ള തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ക്രമക്കേടിനെ കുറിച്ച പ്രതിജ്ഞാ പത്രത്തില്‍ എഴുതി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.
https://www.facebook.com/Malayalivartha


























