എല്ലാം ദൈവം സാക്ഷി.... കാറപകടത്തിന് പിന്നിലെ നിര്‍ണായക വെളിപ്പെടുത്തലുമായി ഉന്നാവ് പെണ്‍കുട്ടി; അപകടത്തിന് തൊട്ട് മുമ്പ് സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തി; അപകടനില തരണം ചെയ്ത പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു

രാജ്യത്തെ ഞെട്ടിച്ച മറ്റൊരു പീഡനമാണ് ഉന്നാവ് പെണ്‍കുട്ടിയുടേത്. പൊരുതി ജയിക്കാനുള്ള ശ്രമത്തെ കൂടോടെ ഇല്ലാതാക്കിയ ഒരു നേതാവിന്റെ ക്രൂര മുഖം ലോകം കണ്ടതാണ്. അവസാനം പെണ്‍കുട്ടിയെ ഒരു തെളിവും ഇല്ലാതെ അവസാനിപ്പിക്കാന്‍ വാഹനാപകടവും ആസൂത്രണം ചെയ്തു. ബന്ധുക്കള്‍ മരിച്ചെങ്കിലും പെണ്‍കുട്ടി ജീവത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്.
അതിനിടെ കഴിഞ്ഞ ദിവസം സി.ബി.ഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ആണെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സി.ബി.ഐക്ക് നല്‍കിയ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തിന് തൊട്ട് മുമ്ബ് തന്നെ സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വാര്‍ഡിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് സി.ബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. എയിംസിലെ വിദഗ്ധ ചികിത്സയിലൂടെ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
കഴിഞ്ഞ ജൂലൈ 28 നായിരുന്നു ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഉന്നാവോയില്‍ നിന്നും റായ്ബറേലിയിലേക്ക് പോയി കൊണ്ടിരിക്കെ വാഹനം ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്ബര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. സംഭവം വിവാദമായതോടെ കേസില്‍ അന്വേഷണം നേരിടുന്ന ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ ബി.ജെ.പി സസ്‌പെന്റ് ചെയ്തിരുന്നു.
അതേസമയം ഉന്നോവ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച അപകടത്തിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന സംശയത്തിനു ശക്തിപകരുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തായി. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കു വീട്ടില്‍ 7 പൊലീസുകാരെയും യാത്രയില്‍ അകമ്പടിക്കു 3 പൊലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ ഒരാളും കൂടെയില്ലായിരുന്നു. കാറില്‍ സ്ഥലമില്ലാത്തതിനാല്‍ പൊലീസുകാര്‍ ഒപ്പം പോയില്ലെന്നാണു വിശദീകരണം നല്‍കിയത്.
അതേസമയം അംഗരക്ഷകരായ പൊലീസുകാര്‍ തന്നെയാണ് യാത്രാ വിവരങ്ങള്‍ പീഡനക്കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ക്കു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ അപകടക്കേസില്‍ സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തു. ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ചു മറച്ചിരിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരിലൊരാള്‍ പീഡനക്കേസിലെ സാക്ഷിയാണ്. ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും വെന്റിലേറ്ററിലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു.
പീഡനക്കേസില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ എംഎല്‍എ ജയിലിലിരുന്നും ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും തങ്ങള്‍ നിരന്തരം ഭീഷണി നേരിട്ടുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. അതിന് ബലം നല്‍കുന്നതാണ് ഇരയായ പെണ്‍കുട്ടിയുടെ മൊഴി.
https://www.facebook.com/Malayalivartha
























