എറണാകുളം ജില്ലയിൽ അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്; ശോച്യാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതോടെ വൈറ്റില - അരൂർ റൂട്ടിൽ മണിക്കൂറുകളായി ഗതാഗതക്കുരുക്ക്:- വൈറ്റിലയില്‍നിന്ന് അരൂര്‍ ഭാഗത്തേക്കും, തിരിച്ചുമുള്ള ഗതാഗതവും രണ്ടര മണിക്കൂറായി തടസ്സപ്പെട്ട നിലയിൽ

എറണാകുളത്ത് ദേശീയപാതയില്‍ വൈറ്റില - അരൂർ റൂട്ടിൽ മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ച നിലയിൽ. എറണാകുളം ജില്ലയിലെ ശോച്യാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. വൈറ്റില -അരൂര്‍ റൂട്ടിലെ കുണ്ടന്നൂരില്‍ മേല്‍പ്പാലം നിര്‍മ്മാണവും നടക്കുന്നതിനാല്‍ രണ്ടുമണിക്കൂറിലധികം നേരമായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരുടെ സേവനവും ഇല്ല.
എറണാകുളം ജില്ലയിൽ അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ജില്ലാ കലക്ടർ എസ്. സുഹാസ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണു പണി തുടങ്ങിയത്. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 45 റോഡുകൾക്ക് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ ഉടനടി റോഡ് നന്നാക്കാൻ നടപടിയെടുക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും കലക്ടർ മുന്നറിയിപ്പു നൽകിയിരുന്നു.
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. കേസിൽ കൊച്ചിൻ കോർപറേഷനെ കക്ഷിചേർക്കുന്നതിനു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതിലും മോശം അവസ്ഥയിലാണ് റോഡുകളെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























