കൊച്ചിയിലെ ഗട്ടറില്‍ പൂക്കളമിട്ട് പ്രതിഷേധിച്ച ഫോട്ടോഗ്രാഫര്‍ക്ക് കൈയ്യടി
കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിലേക്ക് അധികൃതരുടെ ശ്രദ്ധപതിയണം എന്ന ലക്ഷ്യത്തോടെ ഗട്ടറില്‍ വാഴവെച്ച് പരിഹസിച്ചാലും മണ്ണിട്ട് നികത്തി ആക്ഷേപിച്ചാലും പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തിയാലും ഇവിടെ ഒരു രക്ഷയുമില്ലെന്ന് ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം.
കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രയെക്കുറിച്ച് വിദേശികള്‍ വരെ പരാതി പറഞ്ഞിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവും ഇല്ലാതായപ്പോള്‍ വ്യത്യസ്തമായ പ്രതിഷേധവുമായി എത്തുകയാണ് ഒരു യുവതി.
കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിട്ടു നില്ക്കുന്ന യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. നിയ ശങ്കരത്തില്‍ എന്ന മോഡലിനെ വെച്ച്് അനുലാല്‍ എന്ന ഫോട്ടോഗ്രാഫറാണ് ഗട്ടറിലെ ഓണക്കാല പ്രതിഷേധം പകര്‍ത്തിയിരിക്കുന്നത്. സംഭവം വൈറലായി മാറുകയും ചെയ്തു.
റോഡുകളുടെ ദുരവസ്ഥയില്‍ പരിഹാസ കുറിപ്പുകളും ട്രോളുകളുമായി സോഷ്യല്‍മീഡിയ സജീവമായിരിക്കുകയാണ്. കാറില്‍ സഞ്ചരിക്കുമ്പോള്‍ കുണ്ടന്നൂരിലെ കുഴിയില്‍ ചാടിയ അനുഭവത്തില്‍ നിന്നുമാണ് ആശയം അനുലാലിന് കിട്ടിയത്.
ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ തൊഴിലിന്റെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടുള്ള പ്രതിഷേധമാണ് അനുലാല്‍ തെരഞ്ഞെടുത്തത്. പനമ്പിള്ളി നഗറിലെ കുഴിക്ക് സമീപമായിരുന്നു ഷൂട്ട്. നേരത്തേ നാട്ടുകാര്‍ വെള്ളം നിറഞ്ഞ ഗട്ടറില്‍ തോണിയിറക്കിയും വാഴ വെച്ചുമൊക്കെ പ്രതിഷേധിച്ചിട്ടുണ്ട്.
കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരേ സ്വമേധയാ കേസെടുത്തിരുന്നു. റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ ഭരണകൂടവും തീരുമാനം എടുത്തിരിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയുന്നതിനായി എത്തിയ മന്ത്രി ജി സുധാകരന് മുന്നില്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha