അധികശമ്പളം വാങ്ങുന്ന സംസ്ഥാനത്തെ ആദ്യ വനിതാ കമാന്‍ഡോ സംഘം വെറുതേയിരിക്കുന്നു, സേവനം വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താത്തതിനാല്‍ ആളും അര്‍ത്ഥവും പാഴാകുന്നു!

തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാഡമിയില്‍ ഏകദേശം ഒരു വര്‍ഷത്തിനു മുമ്പ് മഴയേയും അവഗണിച്ച്, കേരളാ പോലീസിലെ ആദ്യ വനിതാ കമാന്‍ഡോകളുടെ പാസിങ് ഔട്ട് പരേഡ് നടന്നിരുന്നു.
എന്നാല്‍ അന്നു പരിശീലനം പൂര്‍ത്തിയാക്കിയ നാല്‍പ്പതോളം വനിതാ കമാന്‍ഡോകള്‍ ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ അരീക്കോട് ക്യാമ്പിലാണ്. അന്ന് അവരുടെ അഭ്യാസപ്രകടനം കണ്ട് ചടങ്ങിനെത്തിയവര്‍ അന്തം വിട്ടിരുന്നു. എന്നാല്‍, അഭ്യാസവും പരിശീലനവുമൊക്കെ അവിടെ അവസാനിച്ച മട്ടാണ്.
കമാന്‍ഡോ പരിശീലനം ലഭിച്ചവരായതിനാല്‍ മേലധികാരികള്‍ ഇവര്‍ക്കു ഡ്യൂട്ടിയൊന്നും നല്‍കുന്നില്ല. ഗാര്‍ഡ് ഡ്യൂട്ടിക്കുപോലും നിയോഗിക്കുന്നില്ല. കമാന്‍ഡോകളായതുകൊണ്ട് 75% അധിക അലവന്‍സ് നല്‍കുന്നുണ്ട്. ഇവരുടെ സേവനം വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ആളും അര്‍ത്ഥവും പാഴാകുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും അധികൃതര്‍ക്ക് അനക്കമില്ല.
ഇതിനിടെ, രണ്ടുതവണ കമാന്‍ഡോകളുടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന സംഭവവുമുണ്ടായി. അധികൃതര്‍ അതും കാര്യമായെടുത്തില്ല. യന്ത്രത്തോക്കുകള്‍ അഴിച്ചെടുത്ത് ഭാഗങ്ങളാക്കി കൊണ്ടുനടക്കാനും കൂട്ടിയോജിപ്പിച്ച് വെടിയുതിര്‍ക്കാനും വരെ ഇവരെ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നിട്ടും അബദ്ധം പിണയുന്നത്, തുടര്‍പരിശീലനത്തിന്റെയും പ്രവൃത്തിപരിചയത്തിന്റെയും പോരായ്മയാണെന്നു വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha























