എട്ടു വയസുകാരിയുടെ കൊലപാതകത്തില്‍ നടുക്കം മാറാതെ മൂന്നാറിലെ ഗുണ്ടുമല! കുട്ടി മുമ്പ് പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്!

ഗുണ്ടുമലയ്ക്ക് നടുക്കം ഒഴിയുന്നില്ല. പ്രായപൂര്‍ത്തിയെത്താത്ത മകന്‍, അമ്മയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഓര്‍മ്മയില്‍ നിന്ന് മുക്തമായി വരുന്നതിനിടെ ഗുണ്ടുമലയെ നടുക്കി വീണ്ടുമൊരു കൊലപാതകം.
എസ്റ്റേറ്റിലെ ലയത്തില്‍ പട്ടാപ്പകല്‍ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത് എസ്റ്റേറ്റ് ജനങ്ങളെയാകെ പരിഭ്രാന്ത്രിയിലാക്കിയിരിക്കുകയാണ്. മൂന്ന് അസ്വാഭാവിക മരണങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇവിടെ ഉണ്ടായത്.
ഇവിടത്തെ ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ പട്ടാപ്പകല്‍ മകന്‍ വെട്ടിക്കൊന്നത് മൂന്നു വര്‍ഷം മുമ്പാണ്. ആ കൊലപാതകം നടന്ന് മൂന്നു ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, ഗുണ്ടുമലയില്‍ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കൊടും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇപ്പോഴിതാ എട്ടു വയസുകാരി അന്‍പരസിയുടെ കൊലപാതകവും.
ഗുണ്ടുമല എസ്റ്റേറ്റ് അപ്പര്‍ ഡിവിഷനിലുള്ള എസ്റ്റേറ്റ് ലയത്തിലെ വീട്ടില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകി മരിച്ച നിലയില്‍ വീട്ടിലെ കട്ടിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി മുമ്പ് പീഡനത്തിനിരയായിട്ടുണ്ട് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രദേശത്താകെ ഞെട്ടല്‍ പടര്‍ത്തി. ഗുണ്ടുമല പോലെ ഒറ്റപ്പെട്ട പ്രദേശത്ത് പുറത്തു നിന്നും ഒരാളെത്തി കൃത്യം നടത്താനുള്ള സാധ്യത കുറവായതിനാല്‍ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് പോലീസ് ശക്തമായ അന്വേഷണമാണ് നടത്തി വരുന്നത്.
പതിനൊന്ന് അംഗ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുന്നത്. മൂന്നാര്‍ ഡിവൈ എസ്പി എം. രമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉടുമ്പന്‍ചോല, രാജാക്കാട്, മൂന്നാര്‍ എന്നിവിടങ്ങളിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും മറ്റു പോലീസുകാരും ഉള്‍പ്പെടുന്നതാണ് അന്വേഷണസംഘം. കൃത്യം നടന്നതിനു ശേഷം ജില്ലാ പോലീസ് മേധാവി നാരായണന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കയായിരുന്നു. ഇന്നലെ ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. നാട്ടുകാരായ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു.
സംഭവ സമയം കുട്ടിയുടെ മുത്തശ്ശി അടുത്ത വീട്ടിലായിരുന്നു. മടങ്ങി വന്ന്്, വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ അന്വേഷിക്കുന്ന വേളയിലാണ് കുട്ടിയെ കട്ടിലില്‍ കിടക്കുന്ന സ്ഥിതിയില്‍ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ മുത്തശ്ശി അയല്‍പക്കത്തെ ബന്ധുവിനെ സഹായത്തിന് വിളിച്ചു. ഇദ്ദേഹം വന്നു നോക്കിയപ്പോഴാണ് കഴുത്തില്‍ കുരുക്കുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഊഞ്ഞാലില്‍ ആടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചെന്നായിരുന്നു ബന്ധുക്കള്‍ അറിയിച്ചത്. എന്നാല്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയുള്ളതായി സംശയമുണ്ടായി.
തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. അടുത്തടുത്തായി ലയങ്ങളും വീടുകളുമുള്ള വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. പുറമേ നിന്ന് ആരു കടന്നു വന്നാലും പെട്ടെന്ന് തിരിച്ചറിയാനാകുന്ന പശ്ചാത്തലമുള്ളതിനാല്‍ സാഹചര്യങ്ങളും സന്ദര്‍ഭവുമെല്ലാം പരിചിതമായ വ്യക്തി സംഭവത്തിന് പിന്നിലുണ്ടാകാനുള്ള സാധ്യതയാണ് പോലീസ് പരിഗണിക്കുന്നത്.
ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 50 ഓളം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കുവാന്‍ പോലീസ് ഗുണ്ടുമലയില്‍ ക്യാമ്പ്്ഹൗസ് തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളെ പോലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഗുണ്ടുമലയില്‍ കുട്ടിയെ ഏറ്റവും അടുത്തറിയുന്ന ആളോ ബന്ധുക്കളോ കൃത്യം നടത്തിയിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഊര്‍ജിതഅന്വേഷണത്തിലൂടെ എത്രയും പെട്ടെന്ന് പ്രതിയെ കണ്ടെത്തുവാനാണ് ഗുണ്ടുമലയില്‍ ക്യാമ്പ് ഹൗസ് ആരംഭിച്ച് പോലീസ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























