പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ? പാലം അപകടത്തിലാകാനുള്ള യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്നും ജസ്റ്റിസ് പി. ഉബൈദ് ചോദിച്ചു

പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ? സിനിമാക്കഥ യാഥാര്‍ത്ഥ്യമാവുകയാണോ എന്ന് ഹൈക്കോടതി. കേസിലെ പ്രതിയായ ടി.ഒ സൂരജ് സമര്‍പ്പിച്ച ജാമ്യാ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം നടത്തിയത്. പാലം അപകടത്തിലാകാനുള്ള യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്നും ജസ്റ്റിസ് പി. ഉബൈദ് ചോദിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിജിലന്‍സിന് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ഇതോടെ പൊതുമാരാമത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞും മുസ്്‌ലിംലീഗ് നേതൃത്വവും വെട്ടിലായി. ടി.ഒ സൂരജ് ഇബ്രാഹീംകുഞ്ഞിനെതിരെ മൊഴി നല്‍കിയതോടെ അന്വേഷണം അദ്ദേഹത്തിലേക്ക് നീങ്ങുമെന്നുള്ള സൂചന ചില വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കി. അന്വേഷണത്തില്‍ ഇടപെടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും വ്യക്തമാക്കി.
ഇതോടെ ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി. പി.കെ കുഞ്ഞാലിക്കുട്ടിയും വി.കെ ഇബ്രാഹീംകുഞ്ഞും ചര്‍ച്ചകള്‍ നടത്തി. ലീഗ് നേതൃത്വത്തിന്റെ വ്യക്തമാ അറിവോടെയാണ് താന്‍ കാര്യങ്ങള്‍ ചെയ്തതെന്നും ഫയലില്‍ ഒപ്പിട്ടതെന്നും ടി.ഒ സൂരജ് വെളിപ്പെടുത്തിയതിന് മറുപടിപറയാന്‍ പോലും വി.കെ ഇബ്രാഹീംകുഞ്ഞോ, ലീഗ് നേതൃത്വമോ തയ്യാറായിട്ടില്ല. വര്‍ഷങ്ങളായി ലീഗ് നേതാക്കള്‍ മന്ത്രിമാരായപ്പോഴെല്ലാം സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ് അവരുടെ എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സൂരജിനെ അറസ്റ്റ് ചെയ്തപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ സംരക്ഷിക്കാന്‍ തയ്യാറായില്ല. ഇബ്രാഹീംകുഞ്ഞിനെതിരെ ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാമെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് രാവിലെ പ്രതികരിച്ചത്.
പാലത്തില്‍ വിള്ളല്‍ കണ്ടതോടെ മുസ്്‌ലിംലീഗ് ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. വി.കെ ഇബ്രാഹീംകുഞ്ഞിനെതിരെ രേഖാമൂലം തെളിവുകള്‍ ഒന്നുമില്ലെന്നാണ് മനസ്സിലാക്കിയത്. അത് കൊണ്ട് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ യുഡിഎഫ് എല്ലാ പിന്തുണയും നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാലാ, എറണാകുളം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ഇബ്രാഹീംകുഞ്ഞിനെ കുടുക്കാന്‍ നോക്കുകയല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പാലായില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
കേസില്‍ ഓരോരുത്തരുടെയും പങ്ക് വ്യക്തമാക്കണമെന്നും അന്വേഷണപുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതോടെ ലീഗ് നേതൃത്വം ആശങ്കയിലാണ്. എല്‍.ഡി.എഫും സര്‍ക്കാരുമാകട്ടെ പന്ത് കോടതിയുടെ കോര്‍ട്ടില്‍ വിട്ട് കൊടുത്തിരിക്കുകയാണ്. തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കോടതിയില്‍ നിന്ന് ഉണ്ടാകട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് വി.കെ ഇബ്രാഹീംകുഞ്ഞിനെതിരെ ഇതുവരെ സര്‍ക്കാരോ, എല്‍.ഡി.എഫ് നേതൃത്വമോ പ്രതികരിക്കാതിരിക്കുന്നത്. ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടസാഹചര്യം ഉണ്ടെന്ന് കോടതി പറഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും എളുപ്പമായി. ഇബ്രാഹീംകുഞ്ഞിനെ രക്ഷപെടുത്താനുള്ള നീക്കങ്ങള്‍ മുന്നണിക്ക് അതീതമായി നടക്കുന്നുണ്ടെന്നും അറിയുന്നു. എന്തായാലും മൂന്നരപ്പതിറ്റാണ്ട് മുമ്പ് വേളൂര്‍കൃഷ്ണന്‍ കുട്ടിയുടെ പാലം അപകടത്തില്‍ എന്ന കഥയെ ആസ്പദമാക്കി കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന സിനിമ ജീവിതത്തില്‍ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം.
https://www.facebook.com/Malayalivartha

























