ചെറിയ ടാങ്കര്‍ ലോറിക്കകത്ത് പെയിന്റ് ചെയ്യുന്നതിനിടെ ശ്വാസതടസ്സം വന്ന് യുവാവ് അബോധാവസ്ഥയിലായി.... അപ്രതീക്ഷിതമായെത്തിയ ഫയര്‍ ഉദ്യോഗസ്ഥന്‍ യുവാവിന്റെ ജീവന് തുണയായി

വെള്ളം കൊണ്ടു പോകുന്ന ചെറിയ ടാങ്കര്‍ ലോറിക്കകത്ത് പെയിന്റ് ചെയ്യുന്നതിനിടെ യുവാവ്് ശ്വാസതടസ്സമനുഭവപ്പെട്ട് ബോധരഹിതനായി. പെയിന്റില്‍ കുളിച്ചു കിടന്ന യുവാവിന് തുണയായതാകട്ടെ നറുകരയിലെ വര്‍ഷോപ്പിലേക്ക് അപ്രതീക്ഷിതമായെത്തിയ ഫയര്‍ ഉദ്യോഗസ്ഥനും. മലപ്പുറം കാട്ടിങ്ങല്‍ സ്വദേശി പടിക്കമണ്ണില്‍ നിഷാദിനാണ്(21) ജീവന്‍ തിരിച്ചു കിട്ടിയത്.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് മുന്നോടിയായ പെയിന്റിങ് ജോലികള്‍ക്കായാണ് മഞ്ചേരി ഫയര്‍ സ്‌റ്റേഷനിലെ വാഹനം നറുകരയിലെ വി.പി മോട്ടോര്‍സ് എന്ന വര്‍ക്‌ഷോപ്പില്‍ കൊടുത്തത്്. പെയിന്റിങ് പണിയെ കുറിച്ച് അറിയാനാണ് രാവിലെ ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ കെ.എം. സുരേഷ് കുമാര്‍ വര്‍ക്‌ഷോപ്പിലെത്തിയത്.
ഒരാള്‍ക്ക് കഷ്ടിച്ച് മാത്രം കടക്കാവുന്ന ടാങ്കില്‍ ഊര്‍ന്നിറങ്ങി നിഷാദ് പെയിന്റിങ് തുടങ്ങിയത് മറ്റ് ജീവനക്കാരാകട്ടെ അറിഞ്ഞിരുന്നുമില്ല. പിന്നീട് ബോധരഹിതനായി പെയിന്റില്‍ കുളിച്ച നിലയിലാണ് കാണുന്നത്. എന്നാല്‍ ടാങ്കില്‍ മറ്റൊരാള്‍ക്കിറങ്ങിച്ചെല്ലാനുള്ള സൗകര്യവുമില്ലായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സുരേഷ് കുമാര്‍ വര്‍ക്‌ഷോപ്പിലെ കംപ്രസര്‍ ഉപയോഗിച്ച് ടാങ്കിനകത്തേക്ക് വായു പ്രവഹിപ്പിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള സാഹചര്യമുണ്ടാക്കി.
അതേ തുടര്‍ന്ന് ടാങ്കിലേക്ക് വര്‍ക്‌ഷോപ് ജീവനക്കാരുടെ സഹായത്തോടെ തലകീഴായി തൂങ്ങിനിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നിഷാദിന്റെ കാലില്‍ കയറുപയോഗിച്ച് കുരുക്കിട്ട് പ്രവേശന ദ്വാരത്തേക്കെത്തിച്ച ശേഷം തലകീഴായിതന്നെ നിന്ന് ഉയര്‍ത്തി പുറത്തേക്കെടുത്തു. ഉടന്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
അബോധാവസ്ഥയിലായ നിഷാദിന് സുരേഷ് കുമാറിന്റെ മനഃസാന്നിധ്യമാണ് തുണയായത്.
"
https://www.facebook.com/Malayalivartha

























