പണം തിരികെ അയച്ച് ലാല്‍, വാങ്ങില്ലെന്നുറച്ച് സര്‍ക്കാര്‍, ഇല്ലെങ്കില്‍ കാരുണ്യഫണ്ടിലേക്കെന്ന് ലാല്‍

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയ്ക്ക് നല്‍കിയ 1.63 കോടി രൂപ നടന്‍ മോഹന്‍ലാലില്‍ നിന്ന് തിരികെ വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് മന്ത്രിസഭാ തീരുമാനം അറിയിച്ചത്. പണം തിരികെ നല്‍കാമെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ നേരത്തെ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. പണം തിരികെ വാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസിനും മാന്യതയ്ക്കും നിരക്കുന്നതല്ലെന്ന് മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ അഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പണം വാങ്ങിയാല്‍ ഗെയിംസിന്റെ പരിപാടി അപ്പാടെ പൊളിഞ്ഞെന്നു സമ്മതിച്ചതായി വരുമെന്നാണ് ഭരണപക്ഷം പറയുന്നത്. പ്രതിപക്ഷം ഇത് ആയുധമാക്കും.
അതേസമയം സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയ പണം മോഹന്‍ലാല്‍ തിരികെ നല്‍കി. സ്പീഡ് പോസ്റ്റായാണ് 1,63, 776,00 രൂപയുടെ ചെക്ക് ഗെയിംസ് സി.ഇ.ഒയുടെ അക്കൗണ്ടിലേക്ക് മോഹന്‍ലാല്‍ തിരിച്ചയച്ചത്. പണം വാങ്ങില്ലെങ്കില്‍ കാരുണ്യഫണ്ടിലേക്കോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ കൊടുക്കാനാണ് ലാല്‍ ഉദ്ദേശിക്കുന്നത്.
എന്നാല്‍ പണം തിരികെ നല്‍കുന്നതിലൂടെ വിവാദത്തിന് അറുതി വരുത്താമെന്നും നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാമെന്നും ലാല്‍ കണക്കു കൂട്ടുന്നു. ലാലിസത്തെ മാത്രം കുറ്റം പറഞ്ഞ തിരിവഞ്ചൂരിനോടും സര്‍ക്കാര്‍ നിലപാടിനോടുമാണ്് ലാലിന് കടുത്ത അതൃപ്തി. സര്‍ക്കാര്‍ പരസ്യങ്ങളില്‍ പലതിലും പ്രതിഫലം പറ്റാതെ ചെയ്തുകൊടുത്തിട്ടും അവസാനം ഇത് പിന്നില്‍ നിന്നുള്ള കുത്തായിപ്പോയെന്ന നിലപാടിലാണ് ലാല്‍. ഇനി ഇത്തരം പരിപാടികള്‍ക്കില്ലെന്നും ലാല്‍ പറയുന്നു.
ഇത് ഇത്രയും വലിയ വിവാദമാക്കി മാറ്റിയതില്‍ സിനിമാ രംഗത്തെ ചിലരുമുണ്ടെന്നാണ് അണിയറ സംസാരം. എന്നാല്‍ നവമാധ്യമങ്ങളും സോഷ്യന്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളുമാണ് ആക്രമണത്തിന്റെ മുന്‍പന്തിയില്‍ നിന്നത്. ആളുകള്‍ക്ക് പ്രതികരിക്കാനുള്ള വലിയൊരു പ്ലാറ്റ് ഫോമായി ഇവയെല്ലാം മാറി എന്നതില്‍ സംശയമില്ല. എങ്കിലും ആളുകളെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ എല്ലാവരും മിതത്വം പാലിക്കണമെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























