അമ്പരന്ന് നാട്ടുകാര്‍... 'ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യ പരിപോഷണവും' എന്ന വിഷയം അടിസ്ഥാനമാക്കി ലോക മാനസികാരോഗ്യ ദിനം ആചരിക്കുമ്പോള്‍ വീണ്ടും പ്രണയദുരന്തം; പ്രണയാഭ്യര്‍ഥന നിരസിച്ച പതിനേഴുകാരിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്. ലോകത്തില്‍ ഓരോ 40 സെക്കന്റില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. ഓരോ ആത്മഹത്യയും അവരുമായി ബന്ധപ്പെട്ട 135 പേരെ ബാധിക്കുന്നു എന്നും ഓര്‍ക്കണം. മാനസികാരോഗ്യം ശ്രദ്ധിക്കാത്തതാണ് പല ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം. ശരീരത്തിന് നമ്മള്‍ നല്‍കുന്ന പ്രാധാന്യം മനസിന് നല്‍കുന്നുണ്ടോയെന്ന് ഈയവസരത്തിലെങ്കിലും ഓര്‍ക്കണം.
ശാരീരികാരോഗ്യം പോലെയോ അതിലേറെയോ ശ്രദ്ധയും പരിചരണവും വേണ്ടതാണ് മാനസികാരോഗ്യം. എന്നാല്‍ ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യത്തിന് ചികിത്സ തേടാന്‍ വിമുഖത കാട്ടുന്നവരാണ് അധികവും. പലപ്പോഴും മാനസികാരോഗ്യത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് ചികിത്സ തേടാറുള്ളത്. അത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നു. ആത്മഹത്യാ നിരക്ക് കേരളത്തില്‍ കുറഞ്ഞു വരുന്നു എങ്കിലും യുവാക്കളുടെയും കുട്ടികളുടെയും ഇടയിലുള്ള ആത്മഹത്യാ നിരക്ക് കുറയ്‌ക്കേണ്ട ആവശ്യകത കൂടുതല്‍ ആണ്. 'ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യ പരിപോഷണവും' എന്നതാണ് ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ വിഷയം. കൂടത്തായി വിഷയം കത്തി നില്‍ക്കുന്ന സമയത്ത് കൊച്ചിയില്‍ നിന്നും മറ്റൊരു ദുരന്ത വാര്‍ത്ത എത്തുകയാണ്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തിരിക്കുകയാണ്. കാക്കനാട് ഇന്നലെ അര്‍ത്ഥരാത്രിയോടെ നടന്ന സംഭവത്തില്‍ കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തില്‍ ഷാലന്‍മോളി ദമ്പതിമാരുടെ മകള്‍ ദേവികയാണ് മരണമടഞ്ഞത്. പറവൂര്‍ സ്വദേശിയും പെണ്‍കുട്ടിയുടെ അകന്ന ബന്ധത്തില്‍ പെടുന്നയാളുമായ മിഥുന്‍ (27) എന്ന യുവാവാണ് കൃത്യം നടത്തിയത്. ഇയാളും പിന്നീട് മരണമടഞ്ഞു.
സ്വന്തം ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു കൊണ്ട് ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പിതാവ് വന്ന് വാതില്‍ തുറന്നതും അകത്തു കയറി പെണ്‍കുട്ടിയെത്തിയപ്പോള്‍ പെട്രോളൊഴിച്ചു തീ വെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. യുവാവ് പിന്നീട് ആശുപത്രിയില്‍ വെച്ചും മരണമടഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവാണ് യുവാവ് എന്നതാണ് വിവരം.
ചെറുതിലേ തുടങ്ങിയ പ്രണയാഭ്യര്‍ത്ഥനയാണ് ദുരന്തത്തില്‍ എത്തിച്ചത്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു മിഥുന്‍. ട്യൂഷന്‍ ക്ലാസ്സിലും സ്‌കൂളിലും വരെ യുവാവ് പിന്തുടര്‍ന്നു. ഇതോടെ സ്‌കൂളില്‍ നിന്നും ട്യൂഷന്‍ ക്‌ളാസ്സില്‍ നിന്നും മാതാവ് നേരിട്ടെത്തിയായിരുന്നു പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നത്. നിരന്തരം ശല്യമായതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒരിക്കല്‍ പോലീസില്‍ പരാതി നല്‍കുകയും യുവാവിനെ വിളിച്ച് പോലീസ് താക്കീത് നല്‍കുകയും ഇനി ശല്യം ചെയ്യില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീടും ശല്യം തുടരുകയും ബുധനാഴ്ചയും പെണ്‍കുട്ടി യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ഇക്കാര്യം പറഞ്ഞ് ഇരുവരും കലഹിക്കുകയും ചെയ്തു. അര്‍ദ്ധ രാത്രിയോടെ ഒരു സുഹൃത്തിന്റെ ബൈക്കില്‍ ദേവികയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കാണണമെന്ന് ബഹളം വെച്ചതോടെ പിതാവ് ഷാലന്‍ വാതില്‍ തുറന്നു. തുടര്‍ന്ന് അവിടേയ്ക്ക് എത്തിയ ദേവികയുടെ ശരീരത്തേക്ക് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിക്കുകയും തീ വെയ്ക്കുകയുമായിരുന്നു.
തീ മിഥുന്റെ ശരീരത്തേക്കും പടര്‍ന്നു കയറി. മകളെ രക്ഷിക്കാന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. ദേവികയെയും മിഥുനെയും ഷാലനേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥലത്തു വെച്ചു തന്നെ ദേവിക മരണമടഞ്ഞു. പിന്നീട് മിഥുനും മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha





















