കടുത്ത പെരുമ്പാമ്പ് ശല്യം മൂലം പൊറുതിമുട്ടി വട്ടക്കോട്ടാ, പൈങ്ങാലോടി മേഖല

പത്തനംതിട്ടയില്‍ ജംക്ഷനു സമീപം വട്ടക്കോട്ടാ, പൈങ്ങാലോടി മാര്‍ത്തോമ്മാ പള്ളി ഭാഗങ്ങളിലുള്ളവര്‍ പെരുമ്പാമ്പിന്റെ ശല്യം കാരണം പൊറുതി മുട്ടുന്നു. ഏതാനും മാസങ്ങളായി ഇവിടങ്ങളില്‍ നിന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി വനംവകുപ്പിന് കൈമാറിയത്് 4-ല്‍ അധികം പെരുമ്പാമ്പുകളെയാണ്. വട്ടക്കോട്ടാ നാഷനല്‍ ക്ലബ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് പൈങ്ങാലോടി മാര്‍ത്തോമ്മാ പള്ളിക്ക് സമീപം വീണ്ടും പെരുമ്പാമ്പിനെ കണ്ടത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു പോയ പാലമറ്റത്ത് ജോജി, ഐവി ദമ്പതികളാണ് പാമ്പിനെ കാണുന്നത്.
ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചുമട്ടുതൊഴിലാളിയായ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാമ്പിനെ കുരുക്കിട്ടു പിടികൂടുകയായിരുന്നു. 12 അടിയില്‍ അധികം നീളമുള്ള പാമ്പിനെ രാത്രിയില്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ റാന്നി ഡിവിഷനില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. മുന്‍പ് പുറമറ്റം റോഡില്‍ രാത്രിയില്‍ ഇറങ്ങിയ പെരുമ്പാമ്പിനെ കണ്ടാണ് വഴിയാത്രക്കാര്‍ ഭയന്നത്. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഇതിനെയും പിടികൂടിയിരുന്നു.
ഇഴജന്തുക്കളുടെ ശല്യം ഈ ഭാഗത്ത് രൂക്ഷമായത് കഴിഞ്ഞ പ്രളയത്തില്‍ വെള്ളം ഉയര്‍ന്നതിനു ശേഷമാണ്. കോയിപ്രം, പുറമറ്റം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടം തരിശ് പാടമാണ്. വഴി വിളക്കുകളും കത്തുന്നില്ല. കാടുകയറി കിടക്കുന്ന ഈ ഭാഗത്തെ റോഡില്‍ കൂടി സന്ധ്യ കഴിഞ്ഞാല്‍ ഇഴ ജന്തുക്കളുടെ ശല്യം കാരണം യാത്ര ചെയ്യാന്‍ തന്നെ ആളുകള്‍ മടിക്കുന്നു. ഇവിടങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന കാട് വെട്ടി തെളിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.
ഇതിനിടെയാണ് പെരുമ്പാമ്പുകളുടെ ശല്യവും രൂക്ഷമായിരിക്കുന്നത്. ഈ ഭാഗത്ത് ഒട്ടേറെ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ നടത്തി പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയതായി കോണ്‍ഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിന്‍ നീറുംപ്ലാക്കല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















