മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാര്‍ രണ്ടു കമ്പനികള്‍ക്ക് കൈമാറി

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാര്‍ മുംബൈ ആസ്ഥാനമായ എഡിഫൈസ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ് സ്റ്റീല്‍സ് എന്നീ കമ്ബനികള്‍ക്ക് കൈമാറി. തീരുമാനം നാളെ നഗരസഭ കൗണ്‍സിലിനെ അറിയിക്കും. മരട് നഗരസഭയില്‍ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചര്‍ച്ചയില്‍ കളക്ടര്‍ അറിയിച്ചു.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ സുരക്ഷിതമായി ഫ്‌ലാറ്റുകള്‍ പൊളിക്കും. നൂറ് മീറ്റര്‍ ചുറ്റളവില്‍ വരെ പൊടിപടലങ്ങളുണ്ടാകും. കമ്ബനികളോട് ഫ്‌ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്ബനി പ്രതിനിധികളും ഇന്‍ഡോറില്‍ നിന്നെത്തിയ ഉപദേശകന്‍ ശരത് ബി സര്‍വാതെയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
രാവിലെ മരട് നഗരസഭയില്‍ എത്തിയ ശരത് ബി സര്‍വാതെ സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം ഫ്‌ലാറ്റുകള്‍ പരിശോധിക്കുകയായിരുന്നു. ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റ് ആണ് ആദ്യം പരിശോധിച്ചത്. പൊളിക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ സബ് കളക്ടര്‍ നാളെ നഗരസഭ കൗണ്‍സിലില്‍ വിശദീകരിക്കും. അതേസമയം ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
https://www.facebook.com/Malayalivartha





















