എല്ലാം പൊളിച്ചടുക്കുമ്പോള്‍... ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ ജോളിക്ക് പരിശീലനം നല്‍കിയത് അഭിഭാഷകനാണെന്ന് എസ്.പി.; ജോളിയുടെ അഭിഭാഷകന് കുറച്ച് സാമൂഹിക പ്രതിബദ്ധത ആവാമായിരുന്നു

കൂടത്തായി കൊലപാതക പരമ്പര കേസില്‍ പോലീസും വക്കീലന്‍മാരും തമ്മിലുള്ള വാക് പോരിലേക്കാണ് കടക്കുന്നത്. കൂടത്തായി കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് സാധിക്കില്ലെന്നും ആത്മഹത്യയാണെന്നും അഭിഭാഷകന്‍ ബി.എ. ആളൂര്‍ പറഞ്ഞതിന് പിന്നാലെ വലിയ വിമര്‍ശനവുമായി. കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ രംഗത്തെത്തിയിരിക്കുകയാണ്.
കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്‍കിയത് അഭിഭാഷകനാണെന്ന് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ എസ്പി ഉദ്ദേശിച്ച വക്കീല്‍ ആരെന്ന് വ്യക്തമല്ല.
എല്ലാ കുറ്റങ്ങളും ജോളി സമ്മതിച്ചുവെന്ന് എസ്.പി. പറഞ്ഞു. കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കില്‍ പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എല്ലാ തെളിവുകളും കൈവശമുണ്ടായിരുന്നു. തലേദിവസം താമരശേരി പോലീസ് സ്‌റ്റേഷന് മുന്നിലൂടെയാണ് ജോളി അഭിഭാഷകനെ കാണാന്‍ പോയത്. അഭിഭാഷകനാണ് ചോദ്യം ചെയ്യലില്‍ പ്രതിരോധിക്കാന്‍ ജോളിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് അദ്ദേഹം പറഞ്ഞു.
അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ്. എന്നാല്‍ പിന്നീട് എല്ലാ കൊലപാതകങ്ങളിലും അവര്‍ കുറ്റ സമ്മതം നടത്തി. അഭിഭാഷകന് പ്രൊഫഷണലിസമാകാം. കക്ഷിയെ സഹായിക്കാം. എന്നാല്‍ കുറച്ചൂകൂടി സാമൂഹിക പ്രതിബന്ധത കാണിക്കേണ്ടതായിരുന്നു. എസ്.പി പറഞ്ഞു. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട ആറ് കേസുകളും അന്വേഷിക്കുന്നത് വിദഗ്ധരായ ഡിവൈഎസ്പിമാരാണ്. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടത്തായി കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് അഭിഭാഷകന്‍ ബി.എ. ആളൂര്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പിഞ്ചു കുഞ്ഞൊഴികെ മരിച്ചവരെല്ലാം ആത്മഹത്യ ചെയ്തതൊ ഹൃദയാഘാതം മൂലം മരിച്ചതൊ ആണെന്നാണ് തനിക്കു മനസിലായിട്ടുള്ളത്. നരഹത്യ തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണെന്നും ആളൂര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ കൊലപാതകമാണെന്നു പ്രോസിക്യൂഷന് തെളിയിക്കാനാവില്ല. ആറു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. വിദേശത്തു നിന്നുള്ള രാസപരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടു വേണം അതെന്നാല്‍ പൊലീസിന് അത് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ജോളിക്കു വേണ്ടി ഹാജരാകുന്നതിന് ആവശ്യപ്പെട്ടത് അവരുടെ ഏറ്റവും അടുത്ത ആളുകളാണ്. അതാരാണെന്ന് വെളിപ്പെടുത്തില്ല. അവരുമായി തന്റെ ജൂനിയര്‍ അഭിഭാഷകര്‍ ഇന്നലെ സംസാരിച്ചതിനെ തുടര്‍ന്ന് വക്കാലത്ത് എടുക്കുകയായിരുന്നു. കേസില്‍ അവര്‍ പ്രതി മാത്രമാണ്. കുറ്റം തെളിയിക്കുന്നതു വരെ കുറ്റം ആരോപിക്കപ്പെടുന്ന ആള്‍ മാത്രമാണ് ജോളി. അതുകൊണ്ടു തന്നെ സമീപിക്കുന്ന പ്രതികളുടെ അവകാശം സംരക്ഷിക്കുക തന്റെ ഉത്തരവാദിത്തമാണ്. ജോളിക്കു വേണ്ടി താന്‍ ഹാജരാകാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.
പ്രതി നല്‍കിയ മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാനാവില്ല. പൊലീസ് ശേഖരിച്ചിട്ടുള്ള മൊഴികളൊന്നും കോടതിയില്‍ അംഗീകരിക്കപ്പെടാവുന്നതല്ലെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha