അന്നമ്മയെയും ടോം തോമസിനെയും കൊന്നത് റോയി, റോയിയെ കൊന്നത് മാത്യു; ചോദ്യങ്ങളെ വിദഗ്ദമായി നേരിട്ട് ജോളി

കൂടത്തായി കൂട്ട കൊലപാതക കേസിൽ അറസ്റ്റിലായ ജോളിക്ക് ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നു കൃത്യമായി ഉപദേശം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ടോം തോമസ്, അന്നമ്മ തോമസ് എന്നിവരെ കൊലപ്പെടുത്തിയത് മകന്‍ റോയി തോമസായിരിക്കും എന്നായിരുന്നു ജോളിയുടെ നിലപാട്. എന്നാല്‍ അന്നമ്മയുടെ മരണസമയത്തു വീട്ടിലുണ്ടായിരുന്നവരുടെ മൊഴികള്‍ ചൂണ്ടിക്കാണിച്ചതോടെ ജോളി പ്രതിരോധത്തിലാവുകയായിരുന്നു.
ടോം തോമസ് മരിക്കുന്ന സമയത്തു വീട്ടില്‍ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ജോലിക്കാരന്റെ മൊഴിയും ജോളിയാണു മരണവിവരം അറിയിച്ചതെന്ന അയല്‍വാസിയുടെ മൊഴിയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെ ടോം തോമസിന്റെ കൊലപാതകത്തിലും ജോളി കുറ്റം സമ്മതിച്ചു.
റോയി തോമസിന്റേത് ആത്മഹത്യയാണെന്ന നിലപാടായിരുന്നു തുടക്കത്തില്‍ ജോളി സ്വീകരിച്ചത്. സയനൈഡ് നല്‍കിയെന്ന പ്രജികുമാറിന്റെയും മാത്യുവിന്റെയും മൊഴികള്‍ ചൂണ്ടിക്കാട്ടിയതോടെ മാത്യുവും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നെന്നും മാത്യുവായിരിക്കും സയനൈഡ് നല്‍കിയത് എന്നും ജോളി പറഞ്ഞു. എന്നാല്‍ സംഭവം നടന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലാതിരുന്നതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് ചൂണ്ടിക്കാട്ടിയതോടെ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മോഴി പോലീസ് രേഖപ്പെടുത്തി. സയനൈഡ് ലഭിക്കാനായി പ്രജികുമാറിന് രണ്ടു കുപ്പി മദ്യവും അയ്യായിരം രൂപയും നല്‍കിയെന്നാണ് ജോളിയുടെ കൂട്ടുപ്രതിയായ എംഎസ് മാത്യു മൊഴി നല്‍കിയിരിക്കുന്നത്.
രണ്ടു തവണ സയനൈഡ് ആവശ്യപ്പെട്ടുവെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് കിട്ടിയതെന്നും മാത്യു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാത്യു രണ്ടു തവണ സയനൈഡ് നല്‍കിയെന്ന് ജോളി മൊഴി നല്‍കിയിരുന്നു.പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നും പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. പ്രജികുമാറിനു പുറമെ മറ്റൊരാളില്‍ നിന്നു കൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റെയാള്‍ ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ട വിവരം.
https://www.facebook.com/Malayalivartha





















