മോഹന്‍ലാല്‍ കോടതിയില്‍; ആനകൊമ്പ് കൈവശം വെച്ച കേസില്‍ നടൻ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി

ആനകൊമ്പ് കൈവശം വെച്ച കേസില്‍ നടൻ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. നിലവിലുള്ള പരാതികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസമാണ് പെരുമ്ബാവൂര്‍ കോടതിയില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ ആനക്കൊമ്ബ് കൈവശം വെക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്ബാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
കൂടാതെ ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു എന്നും മോഹന്‍ലാല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്ബുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ മുന്‍പ് മൂന്ന് പ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷം വനംവകുപ്പ് നിലപാട് മാറ്റി കേസില്‍ മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ മോഹന്‍ലാലിന്റെ ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കും.
നാലു പ്രതികളാണ് കേസിൽ. ഇതിൽ മോഹന്‍ലാല്‍ ഒന്നാം പ്രതിയും, തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍ കൃഷ്ണ കുമാര്‍ രണ്ടാം പ്രതി, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ.കൃഷ്ണകുമാര്‍ മൂന്നാം പ്രതിയും ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന്‍ നാലാം പ്രതിയുമാണ്. മോഹന്‍ലാലിന്റെ കൊച്ചിയിലെ തേവരയിലുള്ള വീട്ടില്‍ നിന്നാണ് ആദായവകുപ്പ് റെയ്ഡിനിടെ നാല് ആനക്കൊമ്പു പിടിച്ചെടുത്തതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും, അവ വാങ്ങി സൂക്ഷിക്കുകയും സർക്കാർ മുതലായ ആനക്കൊമ്പുകൾ സംബന്ധിച്ച് സർക്കാരിലേക്ക് യാതൊരുവിധ അറിയിപ്പും നൽകാതിരിക്കുകയും ചെയ്തുവെന്നാണ് പ്രതികളുടെ പേരിലുളള കുറ്റം.
വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. സൃഹൃത്തുക്കളും സിനിമാനിര്‍മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും തൃശൂര്‍ സ്വദേശി പി. കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്പ് കൈമാറിയത്. കെ. കൃഷ്ണകുമാറിന്റെ കൃഷ്ണന്‍കുട്ടി എന്ന ആന ചരിഞ്ഞപ്പോള്‍ എടുത്ത കൊമ്പാണിതെന്നും വനംവകുപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റു രണ്ടുപേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസും മോഹന്‍ലാലിന്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല. 2011 ജൂലൈ 22നാണ് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്ബുകള്‍ പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്നു കോടനാട്ടെ വനംവകുപ്പ് അധികൃതര്‍ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി. തൊട്ടുപിന്നാലെ, മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശംവയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്. അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. മോഹൻലാലിന്റെ പരാതിയിൽ യുഡിഎഫ് സർക്കാരിന്റെ മുഖ്യവനപാലകൻ അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകൾ മോഹൻലാലിന് മറ്റു പ്രതികൾ ഉപഹാരമായി നൽകിയതാണന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻകാല പ്രാബല്യത്തോടെ കൈവശാനുമതി നൽകുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസിൽ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് വനം വകുപ്പ് മോഹൻലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha





















