കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടില്‍ വീണ്ടും എത്തിച്ച് തെളിവെടുപ്പ് നടത്തി... കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി രഹസ്യസ്ഥലത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് രാത്രി എത്തിച്ചത്... വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് ചെറിയൊരു കുപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടില്‍ എത്തിച്ച് നടത്തുന്ന തെളിവെടുപ്പ് രാത്രി വൈകിയും തുടരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി രഹസ്യസ്ഥലത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു രാത്രി പത്തോടെ അന്വേഷണ സംഘം കൂടത്തായിയില്‍ എത്തിയതെന്നാണു സൂചന. വീട്ടില്‍ സൂക്ഷിച്ചതായി പറയുന്ന സയനൈഡ് കണ്ടെത്തുക, അന്നമ്മ, ടോം തോമസ്, റോയി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിലെ സംശയദുരീകരണം എന്നിവ ലക്ഷ്യമിട്ടാണ് ജോളിയെ വീണ്ടും തെളിവെടുപ്പിനെത്തിച്ചത്.
അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് കണ്ടെത്തിയെന്നാണ് സൂചന. വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് ജോളി ചെറിയൊരു കുപ്പി എടുത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിശദ പരിശോധനക്കായി കുപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പകല്‍ ജോളി ഉള്‍പ്പെടെ അറസ്റ്റിലായ മൂവരെയും പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. അന്ന് വന്‍ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഇതും സുരക്ഷയും മുന്‍നിര്‍ത്തിയാണ് തെളിവെടുപ്പ് രാത്രിയാക്കാന്‍ തീരുമാനിച്ചത്.
അതേസമയം തെളിവെടുപ്പിന് ജോളിയെ വീണ്ടും എത്തിച്ചതറിഞ്ഞ് നിരവധി ആളുകളാണ് വീടിനു സമീപത്തേക്കെത്തിയത്. ഈ ആളുകള്‍ പുലര്‍ച്ചെയും വീട്ടുപരിസരത്ത് തുടരുന്നുണ്ട്. ഐഎസ്ടിസെല്‍ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സങ്കേതിക സംഘവും അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പമുണ്ടെന്നാണ് വിവരം.
ജോളിയുടെ ഭര്‍ത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയാസ് എന്നിവരെ തിങ്കളാഴ്ച ഒരുമിച്ചിരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ആ സമയം ജോളിയില്‍നിന്നു ലഭിച്ച വളരെ നിര്‍ണായകമായ വിവരത്തെ കുറിച്ച് ഉടനടി പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്.
https://www.facebook.com/Malayalivartha





















