അഭയക്കേസില്‍ നിന്ന് രക്ഷപെടാന്‍ പ്രതി സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ കൃത്രിമ കന്യാചര്‍മ്മം ശസ്ത്രക്രീയയിലൂടെ വച്ചുപിടിപ്പിച്ചെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. ലളിതാംബിക കരുണാകരന്‍ സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കി

അഭയക്കേസില്‍ നിന്ന് രക്ഷപെടാന്‍ പ്രതി സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ കൃത്രിമ കന്യാചര്‍മ്മം ശസ്ത്രക്രീയയിലൂടെ വച്ചുപിടിപ്പിച്ചെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. ലളിതാംബിക കരുണാകരന്‍ സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കി. ഡോക്ടറുടെ മൊഴി സ്വീകരിക്കരുതെന്ന് സിസ്റ്റര്‍ സെഫി അടക്കമുള്ള പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സെഫി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സര്‍ജറി ചെയ്തുവെന്നാണ് ഡോക്ടറുടെ മൊഴി. അഭയ കേസിലെ പ്രോസിക്യൂഷന്‍ ഭാഗത്തെ പത്തൊന്‍പതാം സാക്ഷിയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ഡോക്ടര്‍ ഡോ. ലളിതാംബിക കരുണാകരന്‍.
കേസില്‍ 2008 നവംബര്‍ 19ന് സിസ്റ്റര്‍ സെഫിയെ സിബിഐ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഗൈനെക്കോളജി വകുപ്പിന്റെ മേധാവിയായിരുന്നു ഡോ. ലളിതാംബിക കരുണാകരന്‍. 2008 നവംബര്‍ 28 ന് ഡോക്ടര്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ സെഫി കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ചെന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ ശാസ്ത്രീയമായി തെളിയിക്കുന്നതാണ് ഡോക്ടറുടെ മൊഴി. സെഫിയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലാണ് കോടതി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ പത്തിന് ആരംഭിച്ച വിസ്താരം ഉച്ചക്ക് രണ്ടുമണിവരെ തുടര്‍ന്നു.
വിചാരണയുടെ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അതിനാല്‍ പ്രതിയുടെ സ്വകാര്യതയെ മാനിച്ച് ഡോക്ടറുടെ മൊഴിയെടുക്കുന്നത് അടച്ചിട്ട കോടതി മുറിക്കുള്ളില്‍ വേണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഡോക്ടര്‍മാരായ പ്രവീണ്‍, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അഭയ കൊലക്കേസിലെ പ്രതികളായ തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവുടെ നുണപരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറന്‍സിക് വകുപ്പ് ഡോക്ടര്‍മാരാണ് പ്രവീണും കൃഷ്ണവേണിയും.
കേസിലെ മൂന്നാം പ്രതി സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് അവരുടെ രേഖാ മൂലമുള്ള സമ്മതത്തോടെയാണെന്ന് സി ബി ഐ. ഡല്‍ഹി ഹൈക്കോടതിയിയെ അറിയിച്ചിരുന്നു. കുറ്റകൃത്യവും അന്വേഷണവും വിചാരണയും കേരളത്തില്‍ നടന്ന സംഭവത്തില്‍ പ്രതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെയും സി ബി ഐ കുറ്റപ്പെടുത്തിയിരുന്നു. കന്യാചര്‍മ്മം വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ ഇന്ത്യയില്‍ നടത്താനാവില്ലെന്നും സെഫി വിദേശയാത്ര നടത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കന്യകാത്വ പരിശോധനയ്ക്കായി നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നും ആരോപിച്ച് ആയിരുന്നു സിസ്റ്റര്‍ സെഫി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























