തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന റാണിയുമായി ജോളിയാമ്മ ജോസഫ് സൗഹൃദം സ്ഥാപിച്ചത് എൻഐടിയിലെ അധ്യാപിക എന്ന നിലയിൽ; പതിവായി തയ്യൽക്കടയിൽ എത്താറുള്ള ജോളി തയ്യൽക്കട പൂട്ടിയിട്ടും സൗഹൃദം തുടർന്നു: ജോളിയുടെ ഭർത്താവിന്റെ മരണമറിഞ്ഞു വീട്ടിൽ പോയിരുന്ന റാണി എൻഐടി രാഗം ഫെസ്റ്റിൽ അവിചാരിതമായാണ് ജോളിയെ കണ്ടുമുട്ടിയെന്ന് വെളിപ്പെടുത്തൽ...

എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന കാലത്താണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതിയായ ജോളിയെ പരിചയപ്പെട്ടതെന്ന് ഉറ്റസുഹൃത്ത് റാണിയുടെ മൊഴി. എൻഐടിയിലെ അധ്യാപിക എന്ന നിലയിലാണ് താൻ പരിചയപ്പെട്ടതെന്നും, താൻ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ ജോളി പതിവായി വരാറുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് റാണി മൊഴി നൽകി. വടകര റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിലാണ് റാണി മൊഴി നൽകിയത്.
ജോളിയുടെ ഭർത്താവിന്റെ മരണമറിഞ്ഞു വീട്ടിൽ പോയിരുന്നതായും യുവതി പൊലീസിനോടു പറഞ്ഞു. തയ്യൽക്കട പൂട്ടിയെങ്കിലും ഇരുവരും സൗഹൃദം തുടരുകയായിരുന്നു. ഈ വർഷം മാർച്ചിൽ എൻഐടി രാഗം ഫെസ്റ്റിന് എത്തിയപ്പോൾ അവിചാരിതമായാണ് ജോളിയെ കണ്ടുമുട്ടിയതെന്നും പോലീസിന് യുവതി മൊഴി നൽകി. പക്ഷെ ഇത് അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല.
ജോളിയാമ്മാ ജോസഫിന്റെ മൊബൈൽ ഫോണിൽ നിന്ന് യുവതിയുമൊത്തുള്ള നിരവധി ചിത്രങ്ങൾ ലഭിച്ചതോടെയാണു പൊലീസ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയതിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു. കൊയിലാണ്ടി സ്വദേശിയായ യുവതി കൂടത്തായി കൊലക്കേസ് വാർത്തകൾ അറിഞ്ഞതോടെ ബന്ധുക്കളുടെ നിർദേശപ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്കു മാറുകയായിരുന്നു. എന്നാൽ, തന്നെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാവുകയായിരുന്നു.
https://www.facebook.com/Malayalivartha
























