നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപ് രക്ഷതേടി അയ്യപ്പ സന്നിധിയില്‍. ഇന്നലെ ശബരിമലയിലെത്തിയ ദിലീപ് ദര്‍ശനം നടത്തി മടങ്ങി

നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപ് രക്ഷതേടി അയ്യപ്പ സന്നിധിയില്‍. ഇന്നലെ ശബരിമലയിലെത്തിയ ദിലീപ് ദര്‍ശനം നടത്തി മടങ്ങി. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ നല്‍കരുതെന്ന് നടിയും സര്‍ക്കാരും നിലപാട് സ്വീകരിച്ചു. ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യിലെത്തിയാല്‍ ചോരാന്‍ ഇടയുണ്ടെന്നും അതിനാല്‍ ദിലീപിനെ കാണിക്കുക മാത്രമേ ചെയ്യാവൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ ദിലീപ് പ്രതിരോധത്തിലായി. ഇക്കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. തൊണ്ടിമുതലായ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. വാദം കേട്ട കോടതി ഇക്കാര്യത്തില്‍ വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. അതിന് പിന്നാലെയാണ് ദിലീപ് ശബരിമല ദര്‍ശനം നടത്തിയത്. പ്രശസ്തനായ ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് മലകയറിയത്.
ഇരുമുടിക്കെട്ടില്ലാതെ വി.ഐ.പി ഗേറ്റുവഴിയാണ് താരം സന്നിധാനത്ത് എത്തിയത്. തുലാമാസ പൂജകള്‍ക്ക് നടതുറന്ന സമയത്തെ ദര്‍ശനമായതിനാല്‍ വലിയ തിരക്കില്ലായിരുന്നു. ശ്രീകോവിലിന് അടുത്ത് നിന്ന് തൊഴുത്, പ്രസാദവും വാങ്ങിയാണ് താരം മടങ്ങിയത്. കേസില്‍ അറസ്റ്റിലായ ശേഷം പ്രശസ്തമായ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ താരം ദര്‍ശനം നടത്തിയിരുന്നു. കേസില്‍ പെടുന്ന പ്രമുഖര്‍ അടക്കം അനേകായിരം പേര്‍ രക്ഷതേടിയെത്തുന്ന ക്ഷേത്രമാണിത്. അന്ന് പ്രധാന വഴിപാടായ അടനേദ്യവും കരിക്കഭിഷേകവും നടത്തിയിരുന്നു. ജഡ്ജിയമ്മാവനെ ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ കേസുകളില്‍ അനുകൂലവിധിയുണ്ടാകുമെന്നാണ് വിശ്വാസം.
കോട്ടയം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവന്‍ കോവില്‍. പ്രധാന ക്ഷേത്രത്തിലെ നടയടച്ച ശേഷമാണ് ഇവിടെ പൂജ നടക്കുന്നത്. ചെറുവള്ളിലമ്മയെയും തൊഴുത് ദര്‍ശനം നടത്തിയിരുന്നു. ദിലീപ് റിമാന്‍ഡിലായപ്പോള്‍ സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്തിയിരുന്നു. പിന്നീട് രണ്ടാം ഭാര്യ കാവ്യാ മാധവന്‍ നേര്‍ന്ന വഴിപാട് നടത്താനാണ് അവര്‍ക്കൊപ്പം എത്തിയത്. കേസില്‍ ദിലീപിന്റെ വിചാരണ കഴിഞ്ഞ മെയ് മൂന്നിന് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.
വനിതാ ജഡ്ജിയുള്ള കോടതിയില്‍ കേസിന്റെ വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. നടിയുടെ ആവശ്യം ഹൈക്കോടതി ആദ്യമേ അംഗീകരിച്ചിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. പുതിയ കോടതിക്കായി 13 തസ്തികകളും അനുവദിച്ചിട്ടുണ്ട്. അതിനിടെയാണ് പ്രധാന രേഖയായ ദൃശ്യങ്ങള്‍ തനിക്ക് വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. അക്കാര്യത്തില്‍ തീരുമാനം വരുന്നത് വരെ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. അനാവശ്യ ഹര്‍ജികള്‍ നല്‍കി ദിലീപ് വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയും പ്രധാനപ്രതിയും ബന്ധപ്പെട്ടതെന്ന് മനസ്സിലാകുമെന്നാണ് ദിലീപിന്റെ വാദം.
https://www.facebook.com/Malayalivartha
























