അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയയായി; മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; കെ.കെ ബാഹുലേയൻ സംസ്ഥാന സെക്രട്ടറി

മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായും കെ.കെ ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചതായി ശ്രീധരൻ പിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ജൂണിലാണ് അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നത്. മോദിയെ പുകഴ്ത്തി ഫേസ്ബുക്കിൽ കുറിപ്പിട്ട സംഭവത്തിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടതോടെയാണ് അബ്ദുള്ളക്കുട്ടി ബിജെപിയുടെ ഭാഗമായത്. കോൺഗ്രസിൽ എത്തുന്നതിനു മുമ്പ് സിപിഎം നേതാവായിരുന്നു അബ്ദുള്ളക്കുട്ടി. മോദി സ്തുതിയുടെ പേരിൽ തന്നെയാണ് സിപിഎമ്മും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അബ്ദുള്ളക്കുട്ടിയും ബാഹുലേയനുമടക്കം 257 പേര് ഇടതുപാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്, മുസ്ലിംലീഗ് അടക്കം മറ്റുപാര്‍ട്ടികളില്‍ നിന്നായി 820 ഓളം പേരും ബിജെപിയിലെത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ല. തിരിച്ചടി ഉണ്ടായെന്ന് താന്‍ പറഞ്ഞുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. അടിസ്ഥാന വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കും. ഇതിന് പുറമെയുള്ള പൊതുസമൂഹത്തിന്റെ വോട്ടുകളാണ് നിര്‍ണായകം. ബിജെപി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നാണ് മണ്ഡലങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്. ബിജെപിക്ക് അസ്പൃശ്യത പ്രഖ്യാപിച്ച ഇടതു വലത് മുന്നണിക്കെതിരെ ക്രൈസ്തവ സഭയും രംഗത്തുവന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം.
ഉപതെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ സര്‍വെകളെ ബിജെപി മുഖവിലക്കെടുക്കുന്നില്ല. ബിജെപിയെ നിര്‍വീര്യമാക്കാനുള്ള ശ്രമമായി മാത്രമാണ് ഇതിനെ കാണുന്നത്. യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചെന്നും എസ്ഡിപിഐ ഇടതുപാര്‍ട്ടിയെ പിന്തുണച്ചെന്നും മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന് പറഞ്ഞിട്ടുണ്ട്. സാമുദായിക പ്രസ്ഥാനങ്ങളെ പ്രീണിപ്പിച്ചുകൊണ്ട് തത്വദീക്ഷയില്ലാത്ത നിലപാടാണ് രണ്ട് മുന്നണികളും നടത്തിയത്. സാമുദായിക ശിഥിലീകരണ ശക്തികളുടെ സഹായം തേടിക്കൊണ്ടാണ് ഇടതു വലത് മുന്നണികള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നത് ആശങ്കയുളവാക്കുന്നതാണ്. ബിജെപിയെ നിര്‍വീര്യമാക്കാനുള്ള ശ്രമം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായി എന്നത് അത്യന്തം ഗൗരവമായി കാണുന്നുവെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha























