അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 72 മണിക്കൂറിനുള്ളില്‍ പ്രതികളെ പൊലീസ് പിടികൂടിയത്. വികാരാബാദ് സ്വദേശി മുഹമ്മദ് സുബൈന്‍, ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ഇന്‍ഫാന്‍ എന്നിവരെയും കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച കൊല്‍ക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് പിടിയിലായത്. ജൂണ്‍ 30ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഹൈദരാബാദിലെ ലിംഗംപള്ളി റെയില്‍വേ സ്‌റ്റേഷന് പുറത്തായിരുന്നു സംഭവം.
കര്‍ണാടക ബീദര്‍ സ്വദേശിനിയായ സര്‍ക്കസ് തൊഴിലാളി മാലന്‍ ബൗറവ് ശാന്തഭായ് എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. റെയില്‍വേ സ്‌റ്റേഷന് പുറത്തെ നടപ്പാതയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഉണര്‍ന്ന മാലന്‍ കണ്ടത് ഓട്ടോറിക്ഷയില്‍ രണ്ടുപേര്‍ കുട്ടിയെകൊണ്ടുപോകുന്നതാണ്.
ഓട്ടോയ്ക്ക് പിന്നാലെ ഓടിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകായിരുന്നു. 1.5 ലക്ഷത്തിനാണ് പ്രതികള്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. കുട്ടികളില്ലാത്ത റഹ്നുമ അലിക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ മൊഴി നല്‍കി. റഹ്നുമ അലിയും അവരുടെ ബന്ധുവായ സീമ അലിയും ചേര്‍ന്ന് നടത്തിയ ആസൂത്രണത്തിനൊടുവിലാണ് ഇവരുടെ പരിചയക്കാരിയായ നാസിയ എന്ന സ്ത്രീയെ വഴി സുബൈറിനെയും ഇര്‍ഫാനെയും പരിചയപ്പെടുന്നത്.
https://www.facebook.com/Malayalivartha























