ദീർഘവീക്ഷണമില്ലാത്ത സഭാനേതൃത്വങ്ങൾക്ക് വിശ്വാസികൾ നൽകിയ കനത്ത പ്രഹരം; ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭാ വിശ്വാസികൾ

ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭാ വിശ്വാസികൾ. കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ദീർഘവീക്ഷണമില്ലാത്ത സഭാനേതൃത്വങ്ങൾക്ക് വിശ്വാസികൾ നൽകിയ കനത്ത പ്രഹരമാണെന്ന് ഓർത്തഡോക്സ് സഭാ വിശ്വാസികൾ. സഭയെ ദ്രോഹിച്ച ഇടതുവലത് മുന്നണികൾക്ക് തക്ക മറുപടി നൽകണമെന്ന് സഭാനേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഭാനേതൃത്വത്തിന്റെ കല്പനകൾക്ക് പുല്ലുവില കൊടുത്ത് വിശ്വാസികൾ തങ്ങളുടെ വോട്ട് അവർക്ക് യുക്തമെന്ന് തോന്നിയവർക്ക് നൽകി.
ക്രിസ്തുവിനെയും പരിശുദ്ധപിതാക്കന്മാർ പടുത്തുയർത്തിയ പരിശുദ്ധസഭയെയും മറന്ന് വിവിധ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന വിശ്വാസികളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയം കളിക്കാനിറങ്ങിയ ആകൽകറുസകൾക്ക് ദൈവം നല്കിയ പ്രഹരമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് പരുമല സ്വദേശിയും ഓർത്തഡോക്സ് സഭാവിശ്വാസിയുമായ തോമസ് വവർഗീസ് പറഞ്ഞു.
വിശ്വാസികൾക്ക് ആത്മീയകാര്യങ്ങളിൽ മാത്രം സഭയുടെ സഹായവും ഉപദേശവും മതി, രാഷ്ട്രീയ കാര്യങ്ങളിലിടപെട്ട് സമൂഹത്തിനുമുന്നിലും ആഗോള ക്രൈസ്തവസഭകളുടെ മുന്നിലും മലങ്കര ഓർത്തഡോക്സ് സഭയെ നാണം കെടുത്തിയവരെ സഭയുടെ നേതൃസ്ഥാനത്തു നിന്ന് ആട്ടിയോടിക്കുവാനുള്ള ആർജ്ജവമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യേശുക്രിസ്തുതന്നെ ഉപദേശിച്ചിട്ടുണ്ട്, മൂഢാ നിന്റെ നാളെയെക്കുറിച്ച് നീ ചിന്തിക്കുക എന്ന്. എന്നാൽ ഈ വീണ്ടുവിചാരമില്ലാത്തവർ വിശ്വാസികളുടെ ഹിതം നോക്കാതെ സ്വന്തം സാമ്പത്തികനേട്ടത്തിനുവേണ്ടി സഭയെയും വിശ്വാസികളെയും ബി.ജെ.പിക്ക് മൊത്തക്കച്ചവടം ചെയ്തു. വീണ്ടുവിചാരമില്ലാതെ വായിൽ തോന്നിയത് വിളിച്ചുപറയുകയും മാധ്യമങ്ങളുടെ മുന്നിൽ കോമാളി വേഷം കെട്ടുകയും ചെയ്തു. കുലം കുത്തികളായ ഇവർക്ക് വിശ്വാസികൾ യാതൊരു വിലയും നല്കുന്നില്ല എന്നുള്ളതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ തിരഞ്ഞെടുപ്പ് വിധി. ഇനിയെങ്കിലും രാഷ്ട്രീയക്കാരുടെ അപ്പകഷ്ണങ്ങൾക്ക് വേണ്ടി പരിശുദ്ധസഭയെയും വിശ്വാസികളെയും മൊത്തക്കച്ചവടം ചെയ്യാൻ അനുവദിക്കുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















