വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്... ജില്ല കലക്ടറുമായി ഇന്ന് യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തും

സ്വകാര്യ ബസുകൾ ലിങ്ക് റോഡിൽ നിന്നും പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്. പ്രശ്ന പരിഹാരത്തിന് ഇന്ന് ജില്ല കലക്ടറുമായി യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തും.
റൂറൽ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് തിങ്കളാഴ്ച യൂണിയൻ നേതാക്കളും ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ സമരം പിൻവലിക്കാനായി തീരുമാനിച്ചിരുന്നെങ്കിലും തീരുമാനം തള്ളിയ ബി.എം.എസും തൊഴിലാളികളും സമരവുമായി ബുധനാഴ്ചയും മുന്നോട്ട് പോകുകയാണുണ്ടായത്. വടകരയിൽ നിന്നും കൊയിലാണ്ടി, പയ്യോളി പേരാമ്പ്ര, കൊളാവിപ്പാലം ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.
സംയുക്ത തൊഴിലാളി യൂണിയൻ വ്യാഴാഴ്ച വടകര താലൂക്കിൽ മുഴുവനായി പണിമുടക്കാനുള്ള നേരത്തെയുള്ള തീരുമാനം നിർത്തിവെച്ചു. ലിങ്ക് റോഡിലെ സ്റ്റാൻഡ് മാറ്റം പിൻവലിച്ചില്ലെങ്കിൽ സമരം താലൂക്കിൽ മുഴുവനായി വ്യാപിപ്പിക്കുമെന്ന് നേരത്തെ യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.ഈ തീരുമാനമാണ് മാറ്റിയത്.
https://www.facebook.com/Malayalivartha



























