പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി

ഭാഗികമായി കേള്‍വിക്കുറവുള്ള, സംസാരശേഷിയില്ലാത്ത മൂന്ന് വയസ്സുകാരനെ കാണാതായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ലണ്ടനിലെ ബ്രാന്തമിലെ മെറിയം ക്ലോസ് കളിസ്ഥലത്തുനിന്ന് നോവ വുഡ്‌സിനെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ പൊലീസിനൊപ്പം നൂറുകണക്കിന് നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും തിരച്ചിലില്‍ അണിനിരന്നു. ബന്ധുവിനൊപ്പം കളിസ്ഥലത്ത് എത്തിയ കുട്ടി വേര്‍പെട്ടതിനെ തുടര്‍ന്ന് സമീപത്തെ പുതിയ വീടുകളുടെ മേഖലയിലേക്ക് പോകുന്ന ഇടവഴിയിലൂടെ ഓടിപ്പോയെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ അവസാനമായി സ്ഥിരീകരിച്ച ദൃശ്യം കളിസ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞത് ഉച്ചയ്ക്ക് 2.37നാണ്. പൊലീസ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കാണാതാകുന്നതിന് തൊട്ടുമുമ്പ് നോവ കളിസ്ഥലത്ത് സന്തോഷത്തോടെ കളിച്ചിരുന്നതായി സമീപത്ത് ജോലി ചെയ്തിരുന്ന ഒരാളും പറഞ്ഞു.
ചുരുണ്ട ഇഞ്ചി നിറത്തിലുള്ള മുടിയുള്ള വെളുത്ത നിറക്കാരനായ നോവ കാണാതാകുമ്പോള്‍ വെള്ള നിറത്തിലുള്ള ബ്ലൂയി ടി ഷര്‍ട്ടും ഷോര്‍ട്‌സും വെള്ള വരയുള്ള കറുത്ത വാന്‍സ് ഷൂസുമാണ് ധരിച്ചിരുന്നത്. നോവയ്ക്ക് സംസാരശേഷിയില്ലെന്നും ഭാഗിക കേള്‍വിക്കുറവുണ്ടെന്നും ഓട്ടിസം സംബന്ധിച്ച പരിശോധന നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ കുട്ടിയുടെ പേര് വിളിച്ചാല്‍ പ്രതികരിക്കണമെന്നില്ല. തിരച്ചില്‍ നടത്തുന്നവര്‍ കുട്ടിയെ കണ്ടെത്തുമ്പോള്‍ ശബ്ദമുണ്ടാക്കാതെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം.
രാത്രി മുഴുവന്‍ പ്രത്യേക പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥരും നായ്ക്കളും ഉപയോഗിച്ച് തിരച്ചില്‍ നടത്തി. നാഷനല്‍ പൊലീസ് എയര്‍ സര്‍വീസിന്റെ ഹെലികോപ്റ്ററുകളും എച്ച്എം കോസ്റ്റ് ഗാര്‍ഡും സഫോക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസും സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘവും തിരച്ചിലില്‍ പങ്കാളികളായി. ബ്രാന്തമിലെ വയലുകള്‍, നടപ്പാതകള്‍, കുറ്റിക്കാടുകള്‍, നദീതീരങ്ങള്‍, തോട്ടങ്ങള്‍, ഷെഡുകള്‍, ഔട്ട്ബില്‍ഡിങ്ങുകള്‍ തുടങ്ങി കുട്ടിക്ക് ഒളിച്ചിരിക്കാനോ അഭയം തേടാനോ കഴിയുന്ന എല്ലാ സ്ഥലങ്ങളും പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha


























