കൊക്കെയ്ന്‍ കേസ്: നിശാന്തിനിയെ തെറിപ്പിച്ചത് അണിയറക്കളികളിലൂടെ

കൊച്ചി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ മുഖം നോക്കാതെ നടപടി എടുത്ത യുവ ഐ.പി.എസുകാരി ആര്‍. നിശാന്തിനിയുടെ കസേര തെറിപ്പിച്ചു. സിനിമാരാഷ്ട്രീയ ബന്ധമുള്ള കൊക്കെയ്ന്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊച്ചി ഡെപ്യൂട്ടി കമ്മിഷണറുടെ മിന്നല്‍ സ്ഥലംമാറ്റം. ഒരു സൂപ്പര്‍താരവും കൊച്ചിയിലെ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രമുഖനും രാജ്യാന്തര മയക്കുമരുന്ന് ലോബിയുടെ സിനിമാ കണ്ണികളുമായി ചേര്‍ന്നു നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ് ഡി.സി.പി. നിശാന്തിനി മാറ്റമെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലഹരിമരുന്ന് മാഫിയയുടെ കണ്ണിലെ കരടായിരുന്നു നിശാന്തിനി, തുടക്കം മുതല്‍ അവരെ നീക്കാനുള്ള സകല അടവുകളും അണിയറക്കാര്‍ പയറ്റിയിരുന്നു. തൃശൂര്‍ കമ്മിഷണറായി നിയമിച്ച നിശാന്തിനിയോട് ഉടന്‍ ചുമതലയേല്‍ക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഡ്രീമില്‍ ഇരച്ചുകയറി റെയ്ഡ് നടത്തിയപ്പോള്‍ത്തന്നെ രാജ്യാന്തര മയക്കുമരുന്ന് ലോബിയുടെയും ഭരണതലപ്പത്തെ ചില പ്രമുഖരുടെയും കണ്ണില്‍ ഈ യുവ ഐ.പി.എസുകാരി കരടായി മാറിയിരുന്നു.
ഒരു മുന്‍ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹോട്ടല്‍ വ്യവസായ പ്രമുഖന്റേതാണ് ഈ പഞ്ചനക്ഷത്ര ഹോട്ടല്‍. മയക്കുമരുന്നായ എല്‍.എസ്.ഡി. ഉപയോഗിച്ച് ഇവിടെ നിശാപാര്‍ട്ടികള്‍ നടക്കുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. ഇതിനു പിന്നാലെയാണ് കൊച്ചിയിലെ ഒരു ആഡംബര നൗകയില്‍ പോലീസ് മയക്കുമരുന്നുവേട്ട നടത്തിയത്. ഇതിനും നിശാന്തിനിയാണു മേല്‍നോട്ടം വഹിച്ചത്. മലയാള സിനിമാരംഗത്തെ ഒരു പ്രമുഖ നിര്‍മാതാവാണ് മയക്കുമരുന്ന് മാഫിയയ്ക്കു പിന്നിലെന്നു വ്യാപക ആക്ഷേപമുയര്‍ന്നെങ്കിലും ഇയാള്‍ക്കെതിരേ ചെറുവിരലനക്കാന്‍ പോലീസിനായില്ല. ഈ സംഭവത്തോടെ ഡി.സി.പി. നിശാന്തിനി ഏതു നിമിഷവും തെറിക്കുമെന്ന സ്ഥിതിയിലായിരുന്നു.
ന്യൂജനറേഷന്‍ സിനിമാരംഗത്തെ പിടിച്ചുലച്ച കൊക്കെയ്ന്‍ കേസിന്റെ അന്വേഷണം സിനിമാ മേഖലയിലെ ചില പ്രമുഖരിലേക്കു കൂടി എത്തുമെന്നുറപ്പായതോടെയാണ് രാഷ്ട്രീയ അട്ടിമറിയിലൂടെ പോലീസ് അന്വേഷണത്തിന് തടയിട്ടത്. ഡി.സി.പി. നിശാന്തിനിയുടെ സ്ഥലംമാറ്റം കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ടല്ലെന്നു വരുത്താന്‍ പോലീസ് ഉന്നതതലത്തില്‍ ചെറിയ തോതിലുള്ള അഴിച്ചുപണി നടത്തിയിട്ടുണ്ട്.
ഇപ്പോള്‍തന്നെ വഴിമുട്ടിയ കൊക്കെയ്ന്‍ കേസിന്റെ അന്വേഷണം ഇതോടെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉറപ്പായി. ഡി.സി.പിയായിരുന്ന നിശാന്തിനിക്കു പകരം ആര്‍ക്കും ചുമതല നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഏതായാലും ഇരുന്ന കസേരയില്‍ ആത്മാര്‍ത്ഥത കാണിച്ചു എന്ന് ഈ തമിഴിനാട്ട്കാരിക്ക് അഭിമാനിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























