സിസ്റ്റര്‍ അഭയ കേസ്: ഡോ. രമയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന സിസ്റ്റര്‍ സ്‌റ്റെഫിയുടെ ഹര്‍ജി സി ബി ഐ കോടതി തള്ളി; മൊഴി നല്‍കാന്‍ ഡോ. രമ പ്രാപ്തയല്ലെങ്കില്‍ മജിസ്‌ട്രേട്ട് കമ്മീഷന്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചോളുമെന്നും പ്രതിക്ക് ആശങ്ക വേണ്ടെന്നും കോടതി

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഡോ. രമയെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ആരോഗ്യസ്ഥിതി റിപ്പോര്‍ട്ട് വിളിച്ചു വരുത്തണമെന്ന പ്രതിഭാഗം ഹര്‍ജി തിരുവനന്തപുരം സിബിഐ ജഡ്ജി സനില്‍കുമാര്‍ തള്ളി. സാക്ഷി മൊഴി നല്‍കാന്‍ പ്രാപ്തയല്ലെങ്കില്‍ സാക്ഷിയുടെ വാസസ്ഥലത്ത് മൊഴിയെടുക്കാന്‍ ചെല്ലുന്ന മജിസ്‌ട്രേട്ട് കമ്മീഷന്‍ വിവരംകോടതിക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചോളുമെന്നും അക്കാര്യത്തില്‍ പ്രതിക്ക് ആശങ്കയോ വേവലാതിയോ വേണ്ടെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
മാത്രവുമല്ല ക്രിമിനല്‍ കോടതിക്ക് ഒരിക്കല്‍ പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധന നടത്താനോ ഭേദഗതി വരുത്താനോ റദ്ദാക്കാനോ അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടു കൂടിയാണ് ഹര്‍ജി തള്ളിയത്. ശയ്യാവലംബിയായി കിടക്കയില്‍ കഴിയുന്ന ഡോ. രമയെ മജിസ്‌ട്രേട്ട് ദീപാ മോഹന്‍ കമ്മിഷന്‍ വിസ്തരിക്കും മുമ്പ് അവര്‍ മൊഴി നല്‍കാന്‍ പ്രാപ്തയാണോയെന്നറിയാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി സ്‌റ്റെഫി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
സ്‌റ്റെഫി കൃത്രിമമായി കന്യാചര്‍മ്മം ഓപ്പറേഷന്‍ നടത്തി തുന്നിചേര്‍ത്തത് തന്റെ പരിശോധനയില്‍ തെളിത്തതായി ഡോ.രമ നേരത്തേ സി ബി ഐ ക്ക് മൊഴി നല്‍കിയിരുന്നു. രാജ്യത്ത് അപൂര്‍വ്വമായി നടത്താറുള്ള ഹൈമനോപ്ലാസ്റ്റി എന്ന ഓപ്പറേഷന്‍ സ്‌റ്റെഫി നടത്തിയെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ച ഡോ. രമയും ഡോ. ശ്രീകുമാരിയും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























