പക്കമേളക്കാർ തയ്യാർ! ശബരിമലയിൽ നിന്നും കോടികൾ കൊയ്യും; മണ്ഡലകാലത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമല വികസനത്തിന്റെ പേരിൽ കൈയിട്ട് വാരാനുള്ള സർക്കാർ നടപടികൾ പൂർത്തിയായി

മണ്ഡലകാലത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമല വികസനത്തിന്റെ പേരിൽ കൈയിട്ട് വാരാനുള്ള സർക്കാർ നടപടികൾ പൂർത്തിയായി. ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ പോലും നോക്കുകുത്തിയാക്കി കൊണ്ടാണ് സർക്കാർ പുതിയ നടപടികളിലേക്ക് കടന്നത്. ശബരിമല വികസനം സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി പുറത്തിക്കിയ ഉത്തരവിൽ ശബരിമല വികസനം അതിവേഗം ബഹുദൂരം നടത്തണം. അതിന് ടെണ്ടർ പോലും വേണ്ടാതെ സർക്കാർ പണം എത്ര വേണമെങ്കിലും വിനിയോഗിക്കാം. ടെണ്ടർ നടപടികളാണ് സർക്കാർ പണം കൃത്യമായി വിനിയോഗിക്കുന്നു എന്ന് മനസിലാക്കാനുള്ള ഏക മാർഗ്ഗം. അതേ സമയം ടെണ്ടർ നടപടി വഴിയും സർക്കാർ പണം സുന്ദരമായി അടിച്ചുമാറ്റാം. എന്നിരുന്നാലും ടെണ്ടർ ഉണ്ടെങ്കിൽ അടിച്ചുമാറ്റൽ കുറയും എന്ന് വിശ്വസിക്കാം.
ശബരിമലയിൽ ഉന്നതാധികാര സമിതിയെ നിയോഗിച്ചത് കേരള ഹൈക്കോടതിയാണ്. ഉന്നതാധികാര സമിതി അറിയാതെ ശബരിമലയിൽ വികസനം നടത്തരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. വിധി വന്നപ്പോൾ തന്നെ ഇതിൽ സർക്കാർ അസഹ്യരായിരുന്നു. സർക്കാർ ഫണ്ട് വിതിയോഗിക്കുന്നത് സംബന്ധിച്ച് സ്പഷ്യൽ പർപ്പസ് വെഹിക്കാൻ രൂപീകരിക്കാനുള്ള നീക്കം കോടതിയുടെ പരിഗണനയിലാണ്. അതിനിടയിലാണ് പ്രത്യേക ഉത്തരവ് ഇറക്കി ശബരിമലയിൽ അഴിമതിക്ക് വഴിയൊരുക്കിയത്.
പുറത്തു നിന്നും പണം കണ്ടെത്തി ശബരിമലയിൽ വികസനം നടത്താനാണ് ഹൈക്കോടതി ഉന്നതാധികാര സ്ഥിതിക്ക് രൂപം നൽകിയത്. എന്നാൽ ഹൈക്കോടതിയുടെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തിയില്ലെന്നാണ് സർക്കാർ പറയുന്നത്. സർക്കാർ പണമാണ് ചെലവാക്കുന്നത്. ഇതിന് ആരുടെയും മേൽനോട്ടം ആവശ്യമില്ല. സർക്കാർ പണം വിനിയോഗിക്കുന്ന കാര്യത്തിലും കർശനമായ വ്യവസ്ഥകളാണ് സമിതി ഏർപ്പെടുത്തുന്നത്. സർക്കാരിന് മുകളിൽ ആരും പറക്കേണ്ടെന്നാണ് സർക്കാർ നിലപാട്. അത് ഹൈക്കോടതി ആയാലും!
ഒരു ഉത്തരവ് ഇറക്കി ഹൈക്കോടതി ഉത്തരവ് സർക്കാരിന് മറികടക്കാൻ കഴിയില്ല. ഹൈക്കോടതി ഉത്തരവിന് മുകളിലല്ല സർക്കാർ ഉത്തരവ് . ഇക്കാര്യം നിയമവകുപ്പിനെ കൊണ്ട് സർക്കാർ പരിശോധിച്ചെങ്കിലും സർക്കാരിന് ഉചിതമായ തീരുമാനം എടുക്കാവുന്നതാണെന്നായിരുന്നു മറുപടി. ഉന്നതാധികാര സമിതിയുടെ പ്രവർത്തനം പരാജയമാണെന്ന് ഹൈക്കോടതിയെ അറിയിക്കാനും നിയമവകുപ്പ് ഉപദേശം നൽകിയിട്ടുണ്ട്. തീർത്ഥാടന കാലം വന്നു ചേർന്ന സാഹചര്യത്തിൽ പരാജിതമായ ഒരു സമിതിയെ കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. മണ്ഡല കാലം മൂന്നറിയിപ്പില്ലാതെ കടന്നുവന്നതല്ല. അതായത് മണ്ഡലകാലത്തിന് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുമ്പ് തന്നെ സർക്കാരിന് സമിതിയെ മറികടക്കാമായിരുന്നു. വികസന പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കാമായിരുന്നു. എന്നാൽ അതിന് സർക്കാർ തയ്യാറായില്ല. അങ്ങനെ തയ്യാറായിരുന്നെങ്കിൽ ടെണ്ടർ നടപടിക്രമങ്ങൾ വേണ്ടി വരുമായിരുന്നു. അക്കാരണത്താലാണ് മണ്ഡലകാലത്തിന്റെ തലേന്ന് സർക്കാർ വെളിപാടുമായി ഇറങ്ങിയത്. കടലിൽ കല്ലിടുക,പ്രധാനമന്ത്രി വരുമ്പോൾ റോഡ് നന്നാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ടെണ്ടർ ഇല്ലാതെയാണ് നടത്തുന്നത്. വികസന പ്രവർത്തനങ്ങൾ നടത്തുന്നത് പത്തനംതിട്ട ജില്ലാ കളക്ടർ ആണെങ്കിലും എല്ലാം സർക്കാരിന്റെ മേൽനോട്ടത്തിലായിരിക്കും. സർക്കാർ പണം എങ്ങനെ വിനിയോഗിക്കണമെന്ന് കളക്ടർക്ക് തന്നെ തീരുമാനിക്കാം. അതായത് പക്കമേളക്കാർ തയ്യാറാണ്, പമ്പയിൽ നിന്നും കോടികൾ കൊയ്യാൻ!
https://www.facebook.com/Malayalivartha



























