അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ചിത്രത്തില്‍ നിന്നും മണക്കാട് സ്വദേശിനി ബിന്ദുവിന്റെ മകളേയും മരുമകനേയും പേരക്കുട്ടിയേയും തിരിച്ചറിഞ്ഞു

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരെ എന്‍ ഐ എ കൈമാറുന്ന ചിത്രത്തില്‍നിന്ന് മകളെയും മരുമകനെയും പേരക്കുട്ടിയേയും മണക്കാട് സ്വദേശിനിയായ ബിന്ദു തിരിച്ചറിഞ്ഞപ്പോള്‍ 2016 ജൂലൈയില്‍ ആരംഭിച്ച വിവാദങ്ങള്‍ക്ക് വഴിത്തിരിവ് ആയി.
തന്റെ മകള്‍ നിമിഷയെ കാണാനില്ലെന്നും ഭര്‍ത്താവിനൊപ്പം ഐഎസ്സ് ഭീകരസംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നുമുള്ള അമ്മ ബിന്ദുവിന്റെ പരാതിയോടെയായിരുന്നു നിമിഷ (ഫാത്തിമ)യുമായി ബന്ധപ്പെട്ട വിവാദം ആദ്യം മാധ്യമങ്ങളിലൂടെ പുറത്തെത്തുന്നത്. 2016 ജൂലൈയിലായിരുന്നു ആ സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരാതി നല്‍കിയത് അവര്‍ ഗൗരവത്തിലെടുക്കാതെ അവഗണിച്ചെന്നും ബിന്ദു പരാതിപ്പെട്ടു.
നിമിഷ സ്വയം തെരഞ്ഞെടുത്ത യുവാവുമായി വിവാഹം കഴിഞ്ഞശേഷം നിമിഷയും ഭര്‍ത്താവും ശ്രീലങ്കയിലേക്കു പോയതായി അറിയാമെന്നും പിന്നീട് ഒരു ബന്ധവുമില്ലെന്നുമാണു ബിന്ദു പരാതിയില്‍ വ്യക്തമാക്കിയത്.
ബിഡിഎസിനു പഠിക്കുമ്പോഴാണു പാലക്കാട് യാക്കര സ്വദേശി ഇസ എന്ന ബെക്സണുമായി നിമിഷ പരിചയത്തിലായത്. പിന്നീട് ഇയാള്‍ നിമിഷയെ വിവാഹം ചെയ്തു. നിമിഷ പാലക്കാട് ഉണ്ടെന്നറിഞ്ഞു ബന്ധുക്കള്‍ അവിടെയെത്തി. എന്നാല്‍ കൂടെ വരാന്‍ തയാറായില്ല. തുടര്‍ന്നു പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇസയ്‌ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നു നിമിഷ കോടതിയില്‍ പറഞ്ഞു. 18 വയസ്സു തികഞ്ഞ നിമിഷയെ കോടതി ഇസയ്‌ക്കൊപ്പം വിട്ടു.
അതിനു ശേഷം നാലുമാസം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് നിമിഷയുടെ ഫോണ്‍ വരാന്‍ തുടങ്ങി. പാലക്കാട്ടാണു താമസമെന്നും വന്നാല്‍ കാണാമെന്നും പറഞ്ഞു. ബിന്ദു അവിടെപ്പോയി അവളെ കണ്ടു. ഇസയുടെ വീട്ടുകാരോടും സംസാരിച്ചു. അപ്പോഴും മകള്‍ കൂടെവരാന്‍ തയാറായില്ല. ഇതിനിടെ മകള്‍ ഗര്‍ഭിണിയായി. തുടര്‍ന്നു നിമിഷ വീട്ടിലേക്കു വന്നു. മൂന്നുമണിക്കൂര്‍ ചെലവഴിച്ചതിനുശേഷം തിരിച്ചുപോയി. മൂന്നു ദിവസം കഴിഞ്ഞ് ഒരു ഫോണ്‍ വന്നു. തങ്ങള്‍ ശ്രീലങ്കയിലേക്കു പോകുകയാണെന്നും ഇനി ചിലപ്പോള്‍ വിളിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. പിന്നീട് വാട്സാപ് വഴി മാത്രമാണു ബന്ധപ്പെട്ടിരുന്നത്. ഇസയുടെ വീട്ടുകാര്‍ക്കും അവരെക്കുറിച്ചു വിവരമൊന്നും ഇല്ലായിരുന്നു- ജൂലൈയിലെ ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്.
അതിനിടെ, മതംമാറി അഫ്ഗാനിസ്ഥാനിലേക്കു പോയ മകളെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിമിഷ, ഇസ, ഇവരുടെ കുഞ്ഞ് എന്നിവര്‍ അഫ്ഗാനില്‍ ഐഎസ് ഭീകരരുടെ തടവിലാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. അഫ്ഗാനിലുള്ള നിമിഷയെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ രക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് 2016 ജൂണില്‍ കാണാതായ 22 മലയാളികളില്‍ ഇസയും നിമിഷയും ഉള്‍പ്പെട്ടിരുന്നെന്ന സംശയം ആ സമയത്ത് ബലപ്പെട്ടിരുന്നു. ഇവര്‍ പിന്നീട് അഫ്ഗാനിലെ ഐഎസ് ക്യാംപിലെത്തിയതായും സ്ഥിരീകരിക്കപ്പെട്ടു.
സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2017 ഒക്ടോബറില്‍ ബിന്ദു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹാദിയ കേസ് വിവാദമായ സമയത്തായിരുന്നു സുപ്രീകോടതിയില്‍ ബിന്ദുവിന്റെ ഹര്‍ജിയെത്തുന്നത്. കേസ് മുന്നോട്ടു പോകുന്നതിനിടെ നിമിഷയെ തിരിച്ചെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് 2018 മാര്‍ച്ചില്‍ ബിന്ദു അന്നത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹാന്‍സ്‌രാജ് ആഹിറിനു നിവേദനം നല്‍കി. നിമിഷയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. കേരളത്തില്‍ നിന്നു കാണാതായ 22 പേരെക്കുറിച്ച് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്ന സമയം കൂടിയായിരുന്നു അത്.
2018 ജൂണില്‍ നിമിഷയുടെ സന്ദേശങ്ങള്‍ ബിന്ദുവിന് ലഭിക്കാന്‍ തുടങ്ങി. 'അമ്മ, ചിന്നു ഹിയര്‍' എന്നായിരുന്നു ആദ്യത്തെ മെസേജ്. പിന്നീട് നവംബര്‍ 26 വരെ തുടര്‍ച്ചയായി സന്ദേശങ്ങളും വോയിസ് മെസേജുകളും കൊച്ചുമകളുടെ ചിത്രങ്ങളുമെല്ലാം അയച്ചിരുന്നുവെന്നും ബിന്ദു പറയുന്നു. അതിനു ശേഷം പിന്നീട് സന്ദേശങ്ങളൊന്നും ലഭിച്ചില്ല. ആ സമയത്താണ് ശ്രീലങ്കയിലെ പള്ളികളില്‍ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരില്‍ ചിലര്‍ക്ക് പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകളുമെത്തി. ഐഎസിലേക്ക് ഇസയെയും നിമിഷയെയും ഉള്‍പ്പെടെ റിക്രൂട്ട് ചെയ്യുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച കാസര്‍കോട് സ്വദേശി അബ്ദുല്‍ റാഷിദ് കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകളും വരുന്നത് ആ സമയത്താണ്.
ടെലഗ്രാം ആപ്പില്‍ ഇയാളുടേത് ഉള്‍പ്പെടെ അക്കൗണ്ട് ആക്ടീവായിരിക്കുന്ന വിവരം എന്‍ഐഎ ഉദ്യോഗസ്ഥരെ ബിന്ദു അറിയിച്ചിരുന്നു. മകളുടെ യാതൊരു വിവരങ്ങളും ലഭിക്കാതെ മാസങ്ങള്‍ പിന്നിട്ടതിനു ശേഷം കഴിഞ്ഞ ദിവസമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഏതാനും ചിത്രങ്ങള്‍ ബിന്ദുവിന് അയച്ചുകൊടുക്കുന്നത്. കാബൂളില്‍ കീഴടങ്ങിയ ഐഎസ് ഭീകരരുടേതായിരുന്നു അത്. കൂട്ടത്തില്‍ ഇസയെയും കൊച്ചുമകളെയും ബിന്ദു തിരിച്ചറിഞ്ഞു. മുഖാവരണം ധരിച്ച വനിതകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അതില്‍ ഒരു വനിതയുടെ മടിയിലായിരുന്നു കൊച്ചുമകള്‍. മുഖാവരണം ധരിച്ചതു തന്റെ മകളാണെന്ന് ബിന്ദു ഉറപ്പിച്ചു പറയുന്നു. ഇസയുടെ മാതാവ് ഗ്രേസിക്കും ഫോട്ടോകള്‍ അയച്ചിരുന്നു. അവരും മകനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
'മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണു സ്വസ്ഥമായി ഞാനൊന്നുറങ്ങിയത്...' ഇതായിരുന്നു അവരുടെ ആദ്യ പ്രതികരണം. ബിന്ദുവിന്റെ ഈ വാക്കുകളിലുണ്ട് ഇത്രയും കാലം അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ വ്യാപ്തി.
https://www.facebook.com/Malayalivartha

























