പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനായി ഇന്ന് ഭക്തർ ഒത്തുകൂടും. വർഷത്തിൽ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന ' വിഷുവം ' പ്രതിഭാസം ദർശിക്കാനായി ഭക്തർ ഉൾപ്പെടെ നിരവധി പേരാണ് ഇന്ന്ക്ഷേത്രത്തിൽ എത്തുക. വൈകുന്നേരം അഞ്ചുമണി മുതൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ തിരക്കനുഭവപ്പെടും.
പ്രകൃതിയും ക്ഷേത്രവാസ്തുവിദ്യയും ചേർന്നൊരുക്കുന്ന അതിമനോഹരമായ കാഴ്ചയ്ക്കാണ് പത്മനാഭസ്വാമി ക്ഷേത്ര പരിസരം ഇന്ന് സാക്ഷിയാകുക. രാവിലെ കിഴക്കേ പ്രവേശനകവാടത്തിലൂടെ കടന്നുവരുന്ന സൂര്യകിരണങ്ങൾ സ്വർണ ധ്വജസ്തംഭത്തെ പ്രകാശിപ്പിച്ച് നേരെ ശ്രീകോവിലിന്റെ മധ്യവാതിലിലേക്ക് എത്തുന്നു. വൈകുന്നേരം, ഗോപുരത്തിന് പിന്നിൽ സൂര്യൻ അസ്തമിക്കുമ്പോൾ, ഓരോ നിലയിലുമുള്ള വാതിലുകളിലൂടെ സൂര്യകിരണങ്ങൾ പുറത്തേക്ക് തെളിഞ്ഞുവരുന്ന വിസ്മയകരമായ കാഴ്ചയ്ക്കാണ് ഭക്തർ കാത്തുനിൽക്കുന്നത്.
എന്നാൽ, ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞുനിൽക്കുകയാണെങ്കിൽ ഈ അപൂർവ കാഴ്ചകൾ വ്യക്തമായി കാണാനായി കഴിഞ്ഞേക്കില്ല. അതിനാൽ തെളിഞ്ഞ ആകാശത്തിനായുള്ള പ്രാർഥനയിലാണ് ഓരോ ഭക്തരും.
അതേസമയം സൂര്യൻ മധ്യരേഖ കടന്നു പോകുന്ന ജോതി ശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തെയാണ് വിഷുവം അല്ലെങ്കിൽ ഇക്വനോക്സ് എന്നു പറയുന്നത്. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും. വർഷത്തിൽ മാർച്ച് 20നും സെപ്റ്റംബർ 23നുമാണ് ഇതു സംഭവിക്കുന്നത്.
വിഷുവം ദിവസം കൃത്യമായി ഗണിച്ച്, അതിന് തക്കവണ്ണം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിർമിതി പൂർത്തിയാക്കിയ ശില്പികളുടെ വൈഭവത്തെ പുകഴ്ത്താത്തവരായി ആരും ഉണ്ടാവില്ല. പത്മനാഭസ്വാമി ക്ഷേത്ര ഗോപുരവാതിൽ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിർമിച്ചിരിക്കുന്നതുകൊണ്ടാണ് അത്യപൂർവ ദൃശ്യം ഇവിടെ മാത്രം ദൃശ്യമാകുന്നത്. മറ്റ് ദിവസങ്ങളിൽ ഗോപുരവാതിലിൽ നിന്ന് മാറിയാണ് സൂര്യാസ്തമയം. അടുത്ത വിഷുവം മാർച്ച് 20 നാണ് വരുന്നത്.
"
https://www.facebook.com/Malayalivartha

























