യൂത്ത് കോണ്‍ഗ്രസ് ദേശീയനേതൃത്വം സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഉടന്‍ നടത്തിയേ തീരൂവെന്ന് കേന്ദ്രനേതൃത്വവും പറ്റില്ലെന്ന് സംസ്ഥാന നേതൃത്വവും

സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് നടത്തി, കോടികള്‍ പിരിക്കുന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൈകോര്‍ത്തു. അതോടെ ദേശീയനേതൃത്വം സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഉടന്‍ നടത്തിയേ തീരൂവെന്ന് കേന്ദ്രനേതൃത്വവും പറ്റില്ലെന്ന് സംസ്ഥാന നേതൃത്വവും നിലപാടെടുത്ത് നില്‍ക്കവേയാണ് പിരിച്ചുവിടല്‍. ഭരണഘടനാവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്താനാണ് ദേശീയനേതൃത്വം ശ്രമിച്ചത്. ദേശീയ നേതാവ് രവീന്ദ്രദാസാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.കെ അബ്ദുല്‍ വഹാബ് നല്‍കിയ ഹര്‍ജയെ തുടര്‍ന്ന് ആലുവ മുന്‍സിഫ് കോടതി തെരഞ്ഞെടുപ്പ് നടത്തരുതെന്ന് നിര്‍ദ്ദേശിച്ചു. ഇതിനെതിരെ ദേശീയ നേതൃത്വം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല.
യൂത്ത് കോണ്‍ഗ്രസ്സിന്റെ ഭരണഘടനക്ക് വിരുദ്ധമായ തെരഞ്ഞെടുപ്പ് രീതി അവലംബിച്ചു, 35 വയസ്സ് കഴിഞ്ഞവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി, ഭാരവാഹിത്വത്തിലേക്ക് മത്സരിക്കേണ്ട വരെ അഭിമുഖത്തിലൂടെ തീരുമാനിച്ചു തുടങ്ങിയ പരാതികളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നാമനിര്‍ദേശപത്രികാ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ബുധനാഴ്ച കഴിഞ്ഞെങ്കിലും ആരും പത്രിക നല്‍കിയില്ല. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന് കേരളഘടകം ഇല്ലാതായി. ഡീന്‍കുര്യാക്കോസ് എം.പിയായിരുന്നു സംസ്ഥാന അധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തെറ്റായ നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.പിമാര്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെടും.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഖിലേന്ത്യാനേതൃത്വം സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത് വഴി മെമ്പര്‍ഷിപ്പിനും നോമിനേഷനുമായി കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞയാഴ്ച മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ പല നേതാക്കള്‍ക്കും ഈ തെരഞ്ഞെടുപ്പ് രീതിയോട് കടുത്ത അതൃപ്തിയാണുള്ളത്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോയാല്‍ യൂത്ത് കോണ്‍ഗ്രസിലും യൂത്ത്‌കോണ്‍ഗ്രസിലും വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മെമ്പര്‍ഷിപ്പിന് 75 രൂപയാണ് തെരഞ്ഞെടുപ്പ് നടത്തുന്നസ്വകാര്യ ഏജന്‍സി ഫീസ് ഈടാക്കിയിരുന്നത്. നിശ്ചിത സമയം കഴിഞ്ഞ് അംഗത്വം എടുക്കാന്‍ ചെന്നാല്‍ 150 രൂപ നല്‍കണമായിരുന്നു. അങ്ങനെ ആറ് കോടിയോളം രൂപ കേരളത്തിലെ പ്രവര്‍ത്തകരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം സ്വകാര്യ ഏജന്‍സിവഴി പിരിച്ചെടുത്തെന്നാണ് ആക്ഷേപം. 14 ജില്ലകളിലെയും സംസ്ഥാന നേതൃത്വത്തിലെയും തെരഞ്ഞെടുപ്പ് നടത്തുന്നതിനും മറ്റുമായി നാല് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പണം തട്ടാന്‍ സ്വകാര്യ ഏജന്‍സി തന്ത്രപരമായ നീക്കമാണ് നടത്തിയതെന്നാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മൂന്ന് വോട്ട് കിട്ടുന്നവര്‍ക്ക് ജില്ലാ സെക്രട്ടറിയാകാം എന്നാണ് സ്വകാര്യ തെരഞ്ഞെടുപ്പ് ഏജന്‍സിയുടെ നിര്‍ദ്ദേശം. അതോടെ ഒരു ജില്ലയില്‍ നിന്ന് 100ലധികം പേര്‍ നോമിനേഷന്‍ കൊടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു. നാമനിര്‍ദ്ദേശ പത്രിക വാങ്ങാന്‍ എത്തിയപ്പോഴാണ് ചതി മനസ്സിലായത്. ഒരു പത്രികയ്ക്ക് 7500 രൂപയാണ് വില ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നായി കോടികളാണ് കൊയ്യുകയാണ് ലക്ഷ്യമെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്നാണ് ഈ തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയത്.
https://www.facebook.com/Malayalivartha

























