സൈക്കിളില്‍ നഗരം ചുറ്റിയ ഡിജിപി-യ്ക്ക് ഡിഐജിയും കമ്മീഷണറും അകമ്പടി! എല്ലാം കുഞ്ഞേ നിനക്കായ്...!

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സൈറണ്‍ ഘടിപ്പിച്ച ജീപ്പും കാറുമൊക്കെ ഉപേക്ഷിച്ച് സൈക്കിളില്‍ പൂരനഗരിക്ക് വലം വെച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന കുഞ്ഞേ നിനക്കായ് എന്ന പോക്‌സോ നിയമബോധവത്കരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഡിജിപി സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്.
ഡിജിപിക്കൊപ്പം സൈക്കിളില്‍ നഗരം ചുറ്റാന്‍ മറ്റു സൈക്കിളുകളില്‍ തിരുവനന്തപുരം ക്രൈം ഐജി എസ്.ശ്രീജിത്തും തൃശൂര്‍ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രനും സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്രയുമുണ്ടായിരുന്നു. തെക്കേഗോപുരനടയില്‍ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി വിദ്യാര്‍ഥി കോര്‍ണറില്‍ സൈക്കിള്‍ റാലി സമാപിച്ചു. തുടര്‍ന്ന് കാമ്പയിന്‍ ഡിജിപി ഉദ്ഘാടനം ചെയ്തു. പോക്‌സോ ബോധവത്കരണ വീഡിയോ പ്രദര്‍ശനം, ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവയുണ്ടായിരുന്നു.
എല്ലാ പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തില്‍ 28, 29, 30 തീയതികളില്‍ കാമ്പയിന്‍ നടക്കും. പോക്‌സോ നിയമവും ശിക്ഷയും ഇടപെടലുകളും വ്യക്തമാക്കുന്ന വിഡിയോയും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ബസ് സ്റ്റോപ്, വിദ്യാലയങ്ങള്‍ തുടങ്ങിയ പൊതുകേന്ദ്രങ്ങളില്‍ പൊലീസ് എത്തും. ആദ്യഘട്ടത്തില്‍ 50 ലക്ഷം പേരിലേക്ക് സന്ദേശം എത്തിക്കും.
സെന്റ് മേരീസ് കോളജ്, ശക്തന്‍ തമ്പുരാന്‍ കോളജ്, സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവരുടെ നേതൃത്വത്തിലാണ് ഫ്‌ളാഷ് മോബും തെരുവുനാടകവും അവതരിപ്പിക്കുന്നത്. 30-ന് വൈകീട്ട് നാലിന് ശക്തന്‍ ബസ്സ്റ്റാന്‍ഡിലാണ് സമാപനം.
https://www.facebook.com/Malayalivartha

























