കുഴഞ്ഞുമറിയുന്നു.... ശബരിമലയില്‍ കയറാന്‍ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും എത്തിയതിന് പിന്നാലെ മുസ്ലീം പള്ളികളിലേയ്ക്കും അരെങ്കിലും എത്തുമെന്ന് ആശങ്ക; സുപ്രീം കോടതി വിധി എന്താകുമെന്ന് ആകാംക്ഷ; ഒരു മുസ്ലീം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന് കാന്തപുരം; നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം

ശബരിമലയില്‍ കയറാനായി രഹ്ന ഫാത്തിമ പോലീസ് സംരക്ഷണം തേടുമ്പോള്‍ ഹിന്ദു ഐക്യവേദി നേതാവായ ശശികല ടീച്ചര്‍ പറഞ്ഞത് നിങ്ങള്‍ക്ക് കയറാന്‍ പറ്റുന്ന വേറെ സ്ഥലമുണ്ടല്ലോയെന്നാണ്. അതായത് ശബരിമലയോടൊപ്പം പള്ളിയിലേയും സ്ത്രീ പ്രവേശന വിഷയം വിധി പറയാനിരിക്കുകയാണ്. അപ്പോള്‍ എന്ത് കൊണ്ട് ആങ്ങോട്ട് പോകാതെ ഇങ്ങോട്ട് പോകുന്നു എന്നാണ് ചോദിക്കുന്നത്. ഇത് കേവലം നിസാരമായ ചോദ്യമാണെങ്കിലും സ്ത്രീകള്‍ പള്ളിയിലേക്ക് കയറാന്‍ വന്നാല്‍ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകരും. ഇത് നന്നായറിയാവുന്ന സര്‍ക്കാര്‍ വളരെ കരുതലോടെയാണ് ഇക്കാര്യം നോക്കിക്കാണുന്നത്.
ഒരു മുസ്ലീം പള്ളികളിലും സ്ത്രീകളുടെ പ്രവേശനം അനുവദിക്കില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല യുവതീ പ്രവേശന കേസിനൊപ്പം മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ല. ഇസ്ലാം വിശ്വാസിയായ ഒരു സ്ത്രീയും പള്ളിപ്രവേനത്തിന് ആഗ്രഹിക്കുന്നില്ല. ശബരിമലക്കൊപ്പം ഈ വിഷയും പരിഗണിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലിം സ്ത്രീകളില്‍ പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടേതായ പള്ളികളുണ്ടെന്നും മഹാഭൂരിപക്ഷം സ്ത്രീകളും പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കാന്തപുരം വ്യക്തമാക്കി.
പള്ളിയില്‍ പോകാതെ വീട്ടില്‍ വെച്ചുതന്നെ ആരാധന നടത്താമെന്ന് സുന്നികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. ചില കാര്യങ്ങള്‍ പണ്ട് മുതല്‍ അനുവര്‍ത്തിച്ചു വരുന്ന പോലെ മുന്നോട്ട് പോകുന്നതാണ് അഭികാമ്യം, മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം വേണ്ടെന്നും കാന്തപുരം പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തോടൊപ്പം മുസ്ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹര്‍ജികളും വിശാല ബെഞ്ചിനു സുപ്രീംകോടതി വിട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ശബരിമലയില്‍ കയറുമെന്ന് ഉറച്ചിരിക്കുകയാണ് ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും. ജനുവരി രണ്ടിന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കിയിട്ടുണ്ട്. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവര്‍ അറിയിച്ചു. ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയതിന്റെ വാര്‍ഷികമാണ് ജനുവരി രണ്ട്.
ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാകും ദര്‍ശനം നടത്തുകയെന്ന് ബിന്ദു പറഞ്ഞു.നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്‌കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ഇതിനിടെ മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ചൊവ്വാഴ്ച ദര്‍ശനത്തിന് വന്നതെന്ന വാദങ്ങളും ബിന്ദു അമ്മിണി തള്ളിയിരുന്നു. ബിജെപി നേതാക്കളാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും അവര്‍ വ്യക്തമാക്കി.
ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കമുള്ളവര്‍ക്കൊപ്പം ബിന്ദു അമ്മിണിയുമുണ്ടായിരുന്നു. കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുലായനി സ്‌പ്രേചെയ്ത അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പദ്മനാഭനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇദ്ദേഹം ജയിലിലാണ്.
"
https://www.facebook.com/Malayalivartha

























