ട്രക്കില്‍ കയറ്റിയയച്ച 22 ലക്ഷം രൂപ വിലവരുന്ന 40 ടണ്‍ സവാള കൊള്ളയടിച്ചു

രാജ്യത്ത് സവാള വില കുതിക്കുന്നതിനിടെ 40 ടണ്‍ കൊള്ളയടിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച സവാളയാണ് കൊള്ളയടിച്ചത്. നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്കാണ് 22 ലക്ഷം രൂപ വിലവരുന്ന സവാള കയറ്റി അയച്ചത്. സവാള വില കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. നവംബര്‍ 11 നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പോലീസിനെ സമീപിച്ചു.
അവര്‍ നടത്തിയ അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ അതിനുള്ളില്‍ സവാള ഇല്ലായിരുന്നു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചതോടെയാണ് രാജ്യത്ത് സവാള വില കുതിച്ചുയര്‍ന്നത്. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഒരുകിലോ സവാളയുടെ വില 100ന് മുകളില്‍ എത്തുന്ന അവസ്ഥയുമുണ്ടായി. ഇതേ തുടര്‍ന്ന് കടകളില്‍ നിന്ന് സവാള മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പലയിടത്തും റിപ്പോര്‍ട്ടുചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ സവാള കൃഷി പ്രദേശങ്ങളായ നാസിക്, അഹമ്മദ് നഗര്‍, പൂനെ എന്നിവിടങ്ങളില്‍ അതിവര്‍ഷം ഉണ്ടാവുകയും വ്യാപകമായി കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു. വിളവെടുപ്പിന്റെ സമയത്താണ് മഴ ശക്തമായത്. അതിനാല്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ഇതോടെയാണ് വില കുത്തനെ ഉയര്‍ന്നത്.
https://www.facebook.com/Malayalivartha

























