കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് വയനാട് ചുരത്തില്‍ ഓടുന്ന വാഹനത്തിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം; വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രകോപനപരമായ രീതിയിൽ ചേഷ്ടകൾ കാണിച്ച് യുവാക്കൾ: ചുരത്തിൽ വലിയ തോതിൽ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലെ യാത്രയ്ക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കും

വയനാട് ചുരത്തില്‍ ഓടുന്ന വാഹനത്തിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയാണ് ഓടികൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. കാറിന്റെ മുന്നിലും പിന്നിലുമായി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുമ്ബോഴാണ് യുവാക്കളുടെ ഈ അഭ്യാസപ്രകടനം. കാറിന് പിന്നില്‍ വന്ന യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ യുവാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മാവേലിക്കര രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറാണ് ദൃശ്യങ്ങളിലുള്ളത്. സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ മാവേലിക്കര ആര്‍ടിഒയ്ക്ക് കൈമാറുമെന്നും നടപടി ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോഴിക്കോട് നിന്നും സുഹൃത്തുക്കളുമായി നടത്തിയ യാത്രയിലാണ് സാഹസിക പ്രകടനം നടത്തിയത്. ഡിക്കി തുറന്ന് അപകടപരമായ രീതിയിൽ സഞ്ചരിക്കുകയും രണ്ട് പേർ അതിലിരുന്ന് പ്രകോപനപരമായ രീതിയിൽ ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തം. ചുരത്തിൽ വലിയ തോതിൽ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് യുവാക്കൾ ഇത്തരത്തിൽ വണ്ടി അമിതവേഗതയിൽ ഓടിച്ചത്. വണ്ടിയുടെ പിന്നിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് വീഡിയോ എടുത്തിരിക്കുന്നത്. അതിവേഗത്തിൽ സഞ്ചരിക്കുന്ന കാർ കെഎസ്ആർടിസി ബസിടക്കം നിരവധി വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് കടന്ന് പോകുന്നതും വീഡിയോയിൽ കാണാം. കെഎൽ31സി7367 രജിസ്‌ട്രേഷനുള്ള കാറാണ് നിയമം ലംഘിച്ച് സാഹസിക പ്രകടനം നടത്തിയത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോൾ അപകടം ക്ഷണിച്ചു വരുത്തുന്ന യുവാക്കളുടെ നടപടിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെ വാഹന ഉടമയോട് നാളെ കോഴിക്കോട് ആർടിഒ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നൽകി. കാര്‍ പേരാമ്പ്ര സ്വദേശി ഷഫീറിന്റേതാണ്. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കും.
https://www.facebook.com/Malayalivartha























