ഉത്സാഹകമ്മിറ്റിക്കും ആവേശത്തിനും കോണ്‍ഗ്രസുകാര്‍ ഒട്ടും പിന്നിലല്ല, ആവേശക്കൊടുമുടിയില്‍ അവരെന്തും ചെയ്യും, അങ്ങനെയാണ് പ്രിയങ്കാ ഗാന്ധി പ്രിയങ്കാ ചോപ്രയായത്

ഉത്സാഹകമ്മിറ്റിക്കും ആവേശത്തിനും കോണ്‍ഗ്രസുകാര്‍ ഒട്ടും പിന്നിലല്ല, ആവേശക്കൊടുമുടിയില്‍ അവരെന്തും ചെയ്യും. അങ്ങനെയാണ് പ്രിയങ്കാ ഗാന്ധി പ്രിയങ്കാ ചോപ്രയായത്. അതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയായി. രാജ്യതലസ്ഥാനത്താണ് സംഭവം. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്. അണികളെ ആവേശം കൊള്ളിക്കാനാണ് കോണ്‍ഗ്രസ് നേതാവ് മുദ്രാവാക്യം വിളിച്ചത്. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്' അങ്ങനെ മുദ്രാവാക്യം വിളിച്ച് അണികളെ വാനോളം ആവേശത്തിലാക്കിയ ഇയാള്‍ പരിപാടി കൊഴിപ്പിച്ചു. അതോടെ സ്റ്റേജില്‍ ഉണ്ടായിരുന്ന പ്രമുഖ നേതാവ് സുരേന്ദ്ര കുമാര്‍ അടക്കം വലിയ ആവേശത്തിലായി.
പാര്‍ട്ടി അധ്യക്ഷയ്ക്കും മുന്‍ അധ്യക്ഷനും വേണ്ടി മുദ്രാവാക്യം വിളിച്ച്, വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് പകരം നടി പ്രിയങ്കാ ചോപ്രാ എന്ന് നേതാവ് മുദ്രാവാക്യം വിളിച്ചു. അതോടെ സുരേന്ദ്ര കുമാര്‍ ഞെട്ടിത്തിരിഞ്ഞ് മുദ്രാവാക്യം വിളിക്കുന്ന നേതാവിനെ നോക്കുന്നത് വീഡിയോയില്‍ കാണാം. യോഗത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരൊന്നും ഇതൊന്നും ശ്രദ്ധിക്കാതെ പ്രിയങ്കാ ചോപ്രാ സിന്ദാബാദ് എന്ന് ആവേശത്തോടെ വിളിക്കുന്നത് വീഡിയോയില്‍ കാണാം. ഡല്‍ഹി പി.സി.സി പ്രസിഡന്റ് സുഭാഷ് ചോപ്ര വേദിയിലുണ്ടായിരുന്നു. അതുകൊണ്ടാണോ പ്രിയങ്കയ്‌ക്കൊപ്പം ചോപ്രയും ചേര്‍ത്തതെന്ന് ട്രോളന്മാര്‍ സംശയിക്കുന്നു.
രാഹുല്‍ ഗാന്ധി സിന്ദാബാദിന് പകരം രാഹുല്‍ ബജാജ് സിന്ദാബാദ് എന്ന് വിളിക്കാനും മടിയില്ലാത്തവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും ട്രോള്‍ ഇറങ്ങിയിട്ടുണ്ട്. ട്രോളുകള്‍ വയറലായതോടെ, വിവാഹം കഴിഞ്ഞ് വീട്ടിലിരിക്കുന്ന പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി. നാവ് പിഴ പറ്റിപ്പോയി, അത് ഇത്രവലിയ സംഭവമായി മാറുമെന്ന് മുദ്രാവാക്യം വിളിച്ച നേതാവോ, വേദിയിലിരുന്നവരോ വിശ്വസിച്ചില്ല. പ്രിയങ്കാ ഗാന്ധിയേക്കാള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് സുപരിചിതമാണ് പ്രിയങ്കാ ചോപ്ര. സിനിമാ താരങ്ങള്‍ കോണ്‍ഗ്രസ് ചേരുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. അങ്ങനെയാകാം പ്രിയങ്കാ ചോപ്രയ്ക്ക് മുദ്രാവാക്യം വിളിച്ചതെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. സംഭവമറിഞ്ഞ് പ്രിയങ്കാ ഗാന്ധി ഏറെ ചിരിച്ചെന്നാണ് ചില നേതാക്കള്‍ പറയുന്നത്.
പ്രിയങ്കാ ഗാന്ധിക്ക് ഇന്ദിരാ ഗാന്ധിയുടെ നല്ല ഛായയുള്ളതിനാല്‍ അവരുടെ ചെറുമകള്‍ എന്ന നിലയ്ക്കാണ് വടക്കേഇന്ത്യയില്‍ അവര്‍ അറിയപ്പെടുന്നത്. പ്രിയങ്കയുടെ ജനപിന്തുണ വര്‍ദ്ധിച്ചുവരുന്നതില്‍ ബി.ജെ.പിക്ക് അടക്കം ആശങ്കയുണ്ടെന്നും ഒരു നേതാവിന് സംഭവിച്ച നാവ് പിഴ സോഷ്യല്‍മീഡിയയില്‍ വൈറലാക്കിയതിന് പിന്നില്‍ രാഷ്ട്രീയശത്രുക്കളുടെ തന്ത്രപരമായ നീക്കമാണെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെയും യു.പിയിലെ യോഗി സര്‍ക്കാരിന്റെയും ജനദ്രോഹനയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും പ്രക്ഷോഭങ്ങള്‍ നയിക്കുകയും ചെയ്യുന്നതിലൂടെ പ്രിയങ്ക ഇതിനകം ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ചുകഴിഞ്ഞു. അതിനാല്‍ അവരെ ഇകഴ്ത്തി കാട്ടാനാണ് ഇത്തരം ചെറിയ സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടുന്നതെന്നും നേതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























