കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു; സര്‍ക്കാര്‍, ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്ന നടപടി വിവാദത്തില്‍

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദികളെ നേരിടാനും പൊലീസിനു വേണ്ടി ഹെലികോപ്റ്റര്‍ വാങ്ങുന്ന സര്‍ക്കാര്‍ നടപടി വിവാദത്തില്‍. പൊലീസിനു വേണ്ടി എന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാടെങ്കിലും മുഖ്യമന്ത്രിയുടെ ഉപയോഗത്തിനെന്നാണ് സൂചന. മാസം 1.44 കോടി രൂപയാണു വാടക; വര്‍ഷം 17.28 കോടിയാകും.
പ്രളയസമയത്ത് മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് വിവാദമായിരുന്നു. തുടര്‍ന്ന്, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സേനയ്ക്കു ഫലപ്രദമായി ഇടപെടാന്‍ ഹെലികോപ്റ്റര്‍ വാങ്ങുകയോ സ്ഥിരമായി വാടകയ്ക്ക് എടുക്കുകയോ വേണമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു.
ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുന്നത് കൂടുതല്‍ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞിട്ടാണെന്നതാണ് വിവാദത്തിന് കാരണമാകുന്നത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. ഇത് മറികടന്നാണ് ഒരു ഹെലികോപ്റ്റര്‍ 20 മണിക്കൂര്‍ മാത്രം സേവനം വാഗ്ദാനം ചെയ്ത ഡല്‍ഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം പവന്‍ ഹാന്‍സിന് കരാര്‍ നല്‍കിയത്.
പവന്‍ ഹാന്‍സ് മാസം 20 മണിക്കൂര്‍ ഹെലികോപ്റ്റര്‍ പറപ്പിക്കും. അതിലേറെ പറന്നാല്‍ ഓരോ മണിക്കൂറിനും 75,000 രൂപ വീതം നല്‍കണം. അറ്റകുറ്റപ്പണിയുടെയും ഇന്ധനത്തിന്റെയും ചെലവ് കമ്പനി വഹിക്കും.
https://www.facebook.com/Malayalivartha
























