ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുവാന്‍ ഓഫിസില്‍ വാട്ടര്‍ ബില്ല് അടച്ചാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ആലോചിക്കുന്നു

ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജല അതോറിറ്റി ബില്ലുകള്‍ ഓഫിസുകള്‍ വഴി അടയ്ക്കുന്നവരില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ആലോചന നടക്കുന്നു. ഓണ്‍ലൈന്‍ വഴി അടയ്ക്കുന്നവര്‍ക്ക് ബില്ലില്‍ ഇളവ് നല്‍കിയേക്കും.
ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനത്തിലേക്ക് ഘട്ടംഘട്ടമായി മാറുന്നത് ഉപഭോക്താവിനും അതോറിറ്റിക്കും ഗുണകരമാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ജല അതോറിറ്റിയുടെ ഉപഭോക്താക്കളില്‍ 70 ശതമാനത്തിലധികം പേരും ഇപ്പോള്‍ ഓഫിസുകള്‍ വഴിയാണ് ബില്ലടയ്ക്കുന്നത്. ബില്ലിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ മറ്റു വിഭാഗങ്ങളിലേക്ക് പുനര്‍വിന്യസിക്കാനുമാകും. ബില്ലിങ് വിഭാഗം സജ്ജീകരിക്കുന്നതിനുള്ള ചെലവും കുറയും എന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും ജലവിഭവ സെക്രട്ടറി ബി.അശോക് ഐഎഎസ് പറഞ്ഞു. ജല അതോറിറ്റി ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക വിഭാഗങ്ങളിലും മറ്റുള്ളവയിലുമായി 25,20,963 കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ആറു മാസത്തിനിടെ 80,894 പുതിയ കണക്ഷനുകള്‍കൂടി നല്‍കി. ഈ സാമ്പത്തിക വര്‍ഷം മൂന്നു ലക്ഷം കണക്ഷനുകള്‍ നല്‍കാനാണ് തീരുമാനം. 23,51,089 കുടുംബങ്ങള്‍ക്ക് ജല അതോറിറ്റി ശുദ്ധജലം പൈപ്പിലൂടെ നല്‍കുന്നുണ്ട്. ഗാര്‍ഹികേതര വിഭാഗത്തില്‍ 1,51,515 കണക്ഷനുകളാണ് ഉള്ളത്. വ്യാവസായിക കണക്ഷന്‍ 2014 ആയി ഉയര്‍ന്നു. മറ്റു വിഭാഗങ്ങളിലായി 16,345 കണക്ഷനും നല്‍കുന്നുണ്ട്.
ജല്‍ജീവന്‍ മിഷനുമായി സഹകരിച്ച്, അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 55 ലക്ഷം ഗ്രാമീണ വീടുകളില്‍ പൈപ്പില്‍കൂടി ശുദ്ധജലമെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിനു വേണ്ടിവരുന്നചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാനവും വഹിക്കും. ഇതിന്റെ കര്‍മപദ്ധതി തയാറാക്കല്‍ ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നരവര്‍ഷം കൊണ്ട് ജല അതോറിറ്റി വഴി നല്‍കിയത് ആറു ലക്ഷത്തില്‍പരം കുടിവെള്ള കണക്ഷനാണ്.
https://www.facebook.com/Malayalivartha
























