എ.എസ്.ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ പിടിയില്‍; കളിയിക്കാവിള എസ്എസ്ഐ വിൽസൺ വധക്കേസിലെ മുഖ്യപ്രതികളെ ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന് കർണാടക പൊലീസ് പിടികൂടി; പ്രതികളെ പറ്റിയുള്ള നിർണായക വിവരം ലഭിച്ചത് ബെംഗളുരുവിൽ നിന്നു പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോൾ

കളിയിക്കാവിള എസ്എസ്ഐ വിൽസൺ വധക്കേസിലെ മുഖ്യപ്രതികൾ പിടിയിൽ. വിൽസനെ വെടിവച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരെ ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന് കർണാടക പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്ഐ വിൽസനെ പ്രതികൾ കളിയിക്കാവിളയിലെ ചെക്പോസ്റ്റിൽവച്ച് വെടിവച്ചു കൊന്നത്.
പ്രതികൾ ഉപയോഗിച്ച തോക്ക് മുംബൈയിൽ നിന്നു കൊണ്ടുവന്നതാണെന്നു തമിഴ്നാട് ക്യൂ ബ്രാഞ്ച് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബെംഗളുരുവിൽ നിന്നു പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോഴാണു നിർണായക വിവരം ലഭിച്ചത്. മുഹമ്മദ് ഷമീം, തൗഫീഖ് എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബാഷയിൽ നിന്നു ലഭിച്ചിരുന്നു.
കൊലപാതകത്തിന്റെ ആസൂത്രണം കേരളത്തിലെന്ന് സൂചന. സംഭവത്തിൽ ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലർ ഒളിവിലാണ്. നാല് പേരെ റൂറൽ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചു. തമിഴ്നാട് പൊലീസിനു ലഭിച്ച ചില സിസിടിവി ദൃശ്യങ്ങളാണു ഗൂഢാലോചന കേരളത്തിൽ നടന്നതായി സൂചിപ്പിക്കുന്നത്.
പ്രതികൾക്ക് ഭീകര ബന്ധമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തിൽ നടന്ന ആയുധപരിശീലനത്തിൽ പങ്കെടുത്തവരും കന്യാകുമാരിയിൽ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗ സംഘത്തിൽപെട്ടവരുമാണ് പ്രതികൾ. തെരുവുനായ്ക്കളെ വെട്ടിവീഴ്ത്തി പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട് അക്രമികളിലൊരാളായ അബ്ദുൽ ഷെമീമിനെതിരെ കന്യാകുമാരി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. ചെന്നൈയിൽ ഹിന്ദു മുന്നണി ഓഫീസ് ആക്രമിച്ച് നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു. തുടർന്ന് കേരള തമിഴ്നാട് പൊലീസ് സംയുക്തമായി അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളെ സംഭവസ്ഥലത്തിന് സമീപമുള്ള മുസ്ളിം പള്ളിയിലെ സി.സി ടി.വി ഫുട്ടേജിൽ നിന്നാണ് തിരിച്ചറിഞ്ഞത്. പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങൾ അയച്ചു. പ്രതികൾ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ച് വരവെയാണ് ഇരുവരും പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha