കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികള്‍ക്കും നിഷ്‌കര്‍ഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് റേറ്റ് ചാര്‍ട്ടിന്റെ പകര്‍പ്പ് നോഡല്‍ ഓഫിസര്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്‍ ആന്‍ഡ് സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ കാര്യാലയത്തില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുക.
ഓഡിറ്റോറിയം, കമ്യൂണിറ്റി ഹാളുകള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍
ന്മ തിരഞ്ഞെടുപ്പ് കാലയളവില്‍ വിവാഹ ഹാളുകള്‍, കമ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പ് സംവിധാനം കൃത്യമായി നിരീക്ഷിക്കുന്നതാണ്.
ന്മ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചെലവ് മറച്ചുവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍, ഹാള്‍ ബുക്ക് ചെയ്തതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകള്‍ (വിവാഹ ക്ഷണക്കത്ത് പോലുള്ളവ) സൂക്ഷിക്കേണ്ടതുണ്ട്.
ന്മ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം ബുക്കിങ്ങുകളുടെ ദൈനംദിന റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുകയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാജ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.
ന്മ സംശയാസ്പദമായ ബുക്കിങ്ങുകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ അതാത് വരണാധികാരികള്‍ക്ക് കൈമാറേണ്ടതാണ്.
ന്മ ആരാധനാലയങ്ങള്‍ക്ക് പുറത്ത് 'അന്നദാനം' എന്ന പേരില്‍ വലിയ തോതില്‍ ഭക്ഷണം വിളമ്പുന്നത്, തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണോയെന്നത് പരിശോധിക്കും.
ന്മ ഇത്തരം പ്രവൃത്തികള്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 പ്രകാരവും ഐപിസി ചാപ്റ്റര്‍ 9അ പ്രകാരവും അഴിമതിയായും തിരഞ്ഞെടുപ്പ് കുറ്റകൃത്യമായും കണക്കാക്കപ്പെടുന്നു.
ന്മ വലിയ തോതില്‍ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍, ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാരും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും വരണാധികാരിയെയും അറിയിക്കേണ്ടതാണ്.
50,000 രൂപയ്ക്ക് മുകളില്‍ കൈവശം വച്ച് യാത്ര ചെയ്യുമ്പോള്‍ രേഖ വേണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ കൈവശം വച്ച് യാത്ര ചെയ്താല്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ലൈയിങ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറാായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഇരു ടീമുകളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപയാണ്. എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.
മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കലക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പീല്‍ കമ്മിറ്റി മുന്‍പാകെ അപ്പീല്‍ ഫയല്‍ ചെയ്യാം. തിരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫിസറായ സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ കെ.പി.മനോജന്‍ കണ്‍വീനറായും ജില്ല ട്രഷറി ഓഫിസര്‍, ജില്ല ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് അപ്പീലുകള്‍ പരിശോധിക്കുക.
https://www.facebook.com/Malayalivartha
























